ആവേശം വാനോളം… കോട്ടയത്തെ ഇളക്കിമറിച്ച് ഐശ്വര്യ കേരള യാത്ര ; ജനദ്രോഹ ഭരണത്തിനുള്ള താക്കീത്

 

കോട്ടയം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയെ നെഞ്ചേറ്റി കോട്ടയം. യു.ഡി.എഫിന്‍റെ ശക്തി കേന്ദ്രത്തിൽ ആവേശത്തിര സൃഷ്ടിച്ചാണ് യാത്ര കടന്നുപോയത്. ജില്ലയിൽ യു.ഡി.എഫിന്‍റെ അടിത്തറയ്ക്ക് ഒരിളക്കവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ജില്ലയിൽ യാത്രയുടെ ഒന്നാം ദിവസത്തെ പര്യടനം.

ഇടതു മുന്നണിയിലെ എം.എൽ.എയായ മാണി സി കാപ്പനെ യു.ഡി.എഫിന്‍റെ പാളയത്തിലെത്തിച്ചാണ് യാത്രയുടെ ആദ്യ ദിവസത്തെ പര്യടനം ആരംഭിച്ചത്. പാലായിലെ ആദ്യ സ്വീകരണ വേദിയിൽവെച്ചാണ് മാണി സി കാപ്പൻ എം.എൽ.എ യു.ഡി.എഫിന്‍റെ ഭാഗമായത്. യു.ഡി.എഫിനെ വഞ്ചിച്ച, കൂറുമാറിയവർക്ക് കാപ്പന്‍റെ വരവ് കനത്ത പ്രഹരമായി. പാലാ ഇന്നുവരെ കണ്ടിട്ടില്ലാത്ത ജനസഞ്ചയമാണ് യോഗത്തിന് എത്തിയത്. ഈരാറ്റുപേട്ട, കറുകച്ചാൽ, പാമ്പാടി, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലും ആയിരങ്ങളാണ് യാത്രയെ സ്വീകരിക്കാൻ എത്തിയത്.

 

 

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പാമ്പാടിയിൽ രമേശ് ചെന്നിത്തലയുടെ കൂടെ ഉമ്മൻ ചാണ്ടിയും തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ഉണ്ടായ ആരവം ജനദ്രോഹ ഭരണാധികാരികൾക്ക് ഉള്ള താക്കീതായി മാറി. അക്ഷരങ്ങളുടെയും റബ്ബറിന്‍റെയും നാടായ കോട്ടയത്ത് റബ്ബർ കർഷകർക്ക് എൽ.ഡി.എഫ് സർക്കാർ നൽകിയ പൊള്ളയായ വാഗ്ദാനങ്ങളും യു.ഡി.എഫ് നേതാക്കൾ ജനങ്ങളെ ഓർമ്മിപ്പിച്ചു. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയത് മറക്കരുതന്നും അവർ പറഞ്ഞു. അധ്വാനിക്കുന്ന കർഷകന്‍റെ മണ്ണാണ് കോട്ടയം. ആ മണ്ണ് യു.ഡി.എഫിന്‍റെ വിളനിലം തന്നെയാണെന്ന് വ്യക്തമാക്കിയാണ് കോട്ടയത്തെ ആദ്യ ദിവസത്തെ യാത്ര സമാപിച്ചത്. രണ്ടാം ദിവസമായ നാളെ എറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം എന്നീ മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ശേഷം യാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും.

 

Comments (0)
Add Comment