കാഠ്മണ്ഡു : നേപ്പാളില്‍ ആഭ്യന്തര സർവീസുകൾ നടത്തിയിരുന്ന താര എയറിന്‍റെ ചെറു വിമാനം കാണാതായി. വിമാനത്തിൽ 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ 4 പേർ ഇന്ത്യക്കാരാണ്. മൂന്നു പേർ ജപ്പാൻ പൗരന്മാരും ബാക്കി നേപ്പാൾ സ്വദേശികളുമാണ്.
മസ്താംഗ് ജില്ലയിലെ ജോംസോമിൽനിന്ന് വിമാനം ദൗലഗിരിയിലേക്കു പറന്നതോടെയാണു ബന്ധം നഷ്ടപ്പെട്ടതെന്ന് ചീഫ് ജില്ലാ ഓഫിസർ നേത്രാ പ്രസാദ് ശർമ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചു വിമാനത്തിനായി തിരച്ചിൽ തുടരുകയാണ്.
നേപ്പാൾ നഗരമായ പൊഖാരയിൽനിന്ന് ജോംസോമിലേക്കു പോകുകയായിരുന്നു വിമാനം. ഞായറാഴ്ച രാവിലെ 9.55നാണ് വിമാനം പൊഖാരയിൽനിന്നു പുറപ്പെട്ടത്. താരാ എയറിന്‍റെ 9 എൻഎഇടി ഇരട്ട എൻജിൻ വിമാനമാണു കാണാതായത്.