ആ മറുപടി തയ്യാറാക്കിയത് മലയാളി; പാകിസ്ഥാനെതിരെയുള്ള വ്യോമാക്രമണത്തിന്റെ സമഗ്ര പദ്ധതി ഒരുക്കിയത് ഹരികുമാര്‍

Jaihind Webdesk
Wednesday, February 27, 2019

 

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം പൂലര്‍ച്ചയോടെ ആകാശമാര്‍ഗ്ഗം പാകിസ്ഥാന് മറുപടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയവരില്‍ പ്രധാനി ഒരു മലയാളി ഉദ്യോഗസ്ഥന്‍. ചെങ്ങന്നൂര്‍ പാണ്ടനാട് വന്‍മഴിയില്‍ കുടുംബാംഗമായ എയര്‍ മാര്‍ഷല്‍ സി. ഹരികുമാര്‍ (എയര്‍ ഓഫീസര്‍ കമാന്റിങ് ഇന്‍ ചീഫ്) ആണ് 21 മിനിറ്റ് ദൗത്യത്തിന് ചുക്കാന്‍ പിടിച്ചത്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള കമാന്റിനാണു പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ വ്യോമസുരക്ഷാ ചുമതല. തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി പൂര്‍ണ സ്വാതന്ത്ര്യം കൊടുത്തതോടെ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനായി ഒരുക്കം ആരംഭിച്ചിരുന്നു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സൂക്ഷ്മ മിസൈലാക്രമണം നടത്താന്‍ സ്‌ട്രൈക്ക് പൈലറ്റുമാരെ നിയോഗിച്ചത്.

ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചാണ് 21 മിനിറ്റ് ദൗത്യം പൂര്‍ത്തീകരിച്ച് വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ രാജ്യത്ത് തിരികെ പറന്നിറങ്ങിയത്. പുല്‍വാമ ഭീകരാക്രമണത്തിന് പാക്ക് മണ്ണില്‍ കയറി മറുപടി കൊടുത്തതിലൂടെ ഇന്ത്യയുടെ സൈനികശക്തിയുടെ പ്രതാപം വിളിച്ചോതുന്ന നടപടിയായി വിലയിരുത്തപ്പെടുത്തുന്നു. ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ തകര്‍ത്തത് ജയ് ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ കണ്‍ട്രോള്‍ ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള മൂന്ന് ക്യാമ്പുകളാണ്. മുന്നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് സൈന്യം വിലയിരുത്തുന്നത്. കൊല്ലപ്പെട്ടവരില്‍ മസൂദിന്റെ അസറിന്റെ വലംകൈയും ഭാര്യാസഹോദരനുമായ യൂസുഫ് അസറും ഇന്ത്യ നോട്ടമിട്ടിരുന്ന കൊടുംഭീകരരും ഉള്‍പ്പെട്ടിരുന്നു. 21 മിനിട്ട് നീണ്ട സൈനിക നടപടിയില്‍ 12 മിറാഷ് വിമാനങ്ങളാണ് 1000 കിലോ ബോംബുകള്‍ വര്‍ഷിച്ചത്.