
ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ AI 132 ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് നിലത്തിറക്കി. വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രവര്‍ത്തനരഹിതമായതാണ് സര്‍വീസ് റദ്ദാക്കാന്‍ കാരണമായത്.
വിമാനത്തിന്റെ എഞ്ചിന് സ്റ്റാര്‍ട്ട് ചെയ്തതിന് പിന്നാലെ പൈലറ്റാണ് സ്വിച്ചിലെ പിഴവ് ശ്രദ്ധയില്‍പ്പെടുത്തിയത്. ഇന്ധന സ്വിച്ച് ‘റണ്‍’ എന്ന നിലയില്‍ നിന്ന് ‘കട്ട് ഓഫ്’ എന്ന നിലയിലേക്ക് തനിയെ മാറുകയായിരുന്നു. ഉടന്‍ തന്നെ പൈലറ്റ് വിവരം അധികൃതരെ അറിയിക്കുകയും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
സംഭവം ഏവിയേഷന്‍ റെഗുലേറ്ററായ ഡി.ജി.സി.എയെ അറിയിച്ചതിനെത്തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് ഉത്തരവിട്ടു. ഡി.ജി.സി.എയുടെ നിര്‍ദ്ദേശപ്രകാരം എയര്‍ ഇന്ത്യ തങ്ങളുടെ പക്കലുള്ള എല്ലാ ബോയിങ് 787 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ പരിശോധിച്ചു. നിലവില്‍ മറ്റ് വിമാനങ്ങളില്‍ പ്രശ്നങ്ങളില്ലെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി.
ജൂണ്‍ 12-ന് അഹമ്മദാബാദില്‍ 271 പേരുടെ ജീവന് നഷ്ടപ്പെട്ട ബോയിങ് ഡ്രീംലൈനര്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ഈ സാങ്കേതിക തകരാര്‍ ഏറെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. അന്നത്തെ അപകടത്തിന് ശേഷം നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ ‘കട്ട് ഓഫ്’ സ്ഥാനത്താണ് കണ്ടെത്തിയിരുന്നത്. ഇന്ധന വിതരണം തടസ്സപ്പെട്ടതാകാം അപകടകാരണമെന്ന നിഗമനമുണ്ടായിരുന്നു.
തുടര്‍ന്ന് ബോയിങ് വിമാനങ്ങളിലെ സ്വിച്ച് ലോക്കിങ് സംവിധാനം പരിശോധിച്ചുവെന്നും കുഴപ്പമില്ലെന്നും എയര്‍ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നെങ്കിലും ലണ്ടനിലെ പുതിയ സംഭവം വീണ്ടും ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.