എഐ ക്യാമറ തിങ്കളാഴ്ച രാവിലെ 8 മണി മുതല്‍ പണി തുടങ്ങും: നാളെ കോണ്‍ഗ്രസ് പ്രതിഷേധം; ബൈക്ക് യാത്രയില്‍ കുട്ടികള്‍ക്ക് തല്‍ക്കാലം പിഴയില്ലെന്ന് മന്ത്രി

Jaihind Webdesk
Sunday, June 4, 2023

 

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറ നാളെ രാവിലെ എട്ട് മണി മുതൽ പിഴ ഈടാക്കിത്തുടങ്ങുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു. നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയച്ചാണ് പിഴ ഈടാക്കുക. രാത്രി കാലങ്ങളിലും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇൻഫ്രാറെഡ് ക്യാമറകളും നാളെ മുതൽ പ്രവർത്തനസജ്ജമാകും. അതേസമയം ബൈക്ക് യാത്രയില്‍ കുട്ടികളെ കൂട്ടിയാല്‍ തല്‍ക്കാലം പിഴ ഈടാക്കില്ലെന്നും മന്ത്രി അറിയിച്ചു.

12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനങ്ങളിലെ ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം സംസ്ഥാന സർക്കാർ അന്തിമ തീരുമാനം എടുക്കുന്നത് വരെയും ഇക്കാര്യത്തില്‍ പിഴ ഈടാക്കില്ല.  എഐ ക്യാമറകളുടെ കാര്യക്ഷമത പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി 692 ക്യാമറ പ്രവർത്തന സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട്. 34 ക്യാമറകൾ കൂടി പ്രവർത്തനസജ്ജമാകും. 12 വയസിൽ താഴെ ഉള്ള കുട്ടിക്കും ഹെൽമെറ്റ് നിർബന്ധമാണ്. 4 വയസിനു മുകളിൽ എല്ലാ കുട്ടികളും ഹെൽമറ്റ് വെക്കണം. ജൂണ്‍ രണ്ടാം തീയതി വരെ 2,42,746 നിയമ ലംഘനങ്ങളാണ് എഐ ക്യാമറകളിലൂടെ നിരീക്ഷിച്ച് കണ്ടെത്തിയത്. എമർജൻസി വാഹനങ്ങൾക്ക് നിലവിൽ ഇളവുകളുണ്ട്. ക്യാമറയ്ക്ക് വിഐപി പരിഗണനയില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം അഴിമതി ക്യാമറയ്ക്കെതിരെ കടുത്ത പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. വൈകുന്നേരം 4 മണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐ ക്യാമറകള്‍ക്ക് മുന്നിലും ധര്‍ണ്ണ സംഘടിപ്പിക്കും. ധർണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി കണ്ണൂരില്‍ നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ കെപിസിസി പ്രസിഡന്‍റുമാരായ രമേശ് ചെന്നിത്തല, എം.എം ഹസന്‍, കെ മുരളീധരന്‍ എംപി തുടങ്ങിയവരും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍, കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിന്‍റുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ നടക്കുന്ന ധര്‍ണ്ണയില്‍ പങ്കെടുക്കും. എഐ ക്യാമറ ഇടപാടിലെ അഴിമതിക്കെതിരെ തെളിവുസഹിതം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുകയാണെന്നും ടി.യു രാധാകൃഷ്ണന്‍ പറഞ്ഞു.

നാളെ മുതല്‍ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, അനധികൃത പാര്‍ക്കിംഗ്, റെഡ് സിഗ്നല്‍ ലംഘനം, മൂന്ന് പേരുമായി ഇരുചക്രവാഹന യാത്ര എന്നിവക്ക് പിഴ ചുമത്തും. ഇതില്‍ ഒരാള്‍ 12 വയസില്‍ താഴെയുള്ള കുട്ടിയാണെങ്കില്‍ തല്‍ക്കാലം പിഴ ഈടാക്കില്ല.