കണ്ണൂരിലെ പാനൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവും അധ്യാപകനുമായ കെ പത്മരാജൻ പീഡിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. അറസ്റ്റ് നടന്ന് രണ്ടു മാസം പിന്നിട്ടിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തത് പ്രതിയെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
65 ദിവസങ്ങൾ മുമ്പാണ് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പത്മരാജനെ പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ കുടുംബത്തിന്‍റെ ആവശ്യത്തെ തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയ പോക്സോ കേസിലാണ് ഇതുവരെയും കുറ്റപത്രം സമർപ്പിക്കാത്തത്. നിലവിൽ ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്‍റെ കീഴിൽ ക്രൈംബ്രാഞ്ച് കാസർഗോഡ് സി.ഐ മധുസൂദനൻ ആണ് പാലത്തായി കേസ് അന്വേഷിക്കുന്നത്. കേസിൽ ഇരയായ പെൺകുട്ടിയടക്കമുള്ള വിദ്യാർഥികളിൽ നിന്നും വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കുറ്റപത്രം സമർപ്പിക്കുന്നത് വൈകിപ്പിച്ച് പ്രതിക്ക് ജാമ്യത്തിലേക്കുള്ള വഴിയൊരുക്കുകയാണ് ക്രൈംബ്രാഞ്ച് സംഘമെന്ന ആരോപണമാണ് ഉയരുന്നത്.
പാലത്തായി അന്വേഷണം ഊര്‍ജിതമാക്കുക, കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യുക, ആര്‍.എസ്.എസ്-പൊലീസ് കൂട്ടുകെട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇതിനോടകം വിദ്യാർത്ഥി-വനിതാ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പ്രതികളെ രക്ഷപ്പെടുത്താൻ വേണ്ടി ആർ.എസ്.എസിന്‍റെ ശക്തമായ ബാഹ്യ ഇടപെടലുകൾ കേസിലുണ്ടാവുന്നുണ്ടെന്ന ആരോപണം ശക്തിപ്പെടുകയാണ്. ജനുവരി 15നും ഫെബ്രുവരി രണ്ടിനും ഉൾപ്പെടെ ഒമ്പത് വയസുകാരിയായ പെൺകുട്ടിയെ പ്രതി പത്മരാജൻ പീഡിപ്പിച്ചെന്നാണ് കേസ്. ഏപ്രിൽ 22നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.