വിവാദമായ മസാല ബോണ്ടിനു പിന്നാലെ 1100 കോടി രൂപ വിദേശ വായ്പയെടുക്കാൻ ഒരുങ്ങി കിഫ്ബി

Jaihind News Bureau
Tuesday, November 24, 2020

വിവാദമായ മസാല ബോണ്ടിനു പിന്നാലെ ഇന്‍റർനാഷനൽ ഫിനാൻസ് കോർപറേഷനിൽ നിന്ന് 1100 കോടി രൂപ വിദേശ വായ്പയെടുക്കാൻ ഒരുങ്ങി കിഫ്ബി. ഇതിനായി റിസർവ് ബാങ്കിനോടു കിഫ്ബി അനുമതി തേടി. പരിസ്ഥിതി സൗഹൃദ പദ്ധതികൾ നടപ്പാക്കുന്നതിനു പണം കണ്ടെത്താനാണു ഗ്രീൻ ബോണ്ട് എന്നാണ് സർക്കാരിൻ്റെ വാദം. പുതിയ വിദേശ വായ്പയുടെ കാര്യത്തിൽ ആർബിഐയുടെ തീരുമാനം നിർണായകമാണ്.

ഏറെ വിവാദങ്ങളും വിമർശനങ്ങളും നിലനിൽക്കെയാണ് മസാല ബോണ്ടിനു പിന്നാലെ ഇന്‍റർനാഷനൽ ഫിനാൻസ് കോർപറേഷനിൽ നിന്ന് 1100 കോടി രൂപ വിദേശ വായ്പയെടുക്കാൻ റിസർവ് ബാങ്കിനോടു കിഫ്ബി അനുമതി തേടിയത്. ഇടത് സർക്കാരിൻ്റെ ബൃഹത് സംരംഭമെന്ന് വിശേഷിപ്പിക്കുന്ന കിഫ്ബിയിലെ ക്രമക്കേടുകൾ ഒന്നൊന്നായി പൊതു സമൂഹത്തിന് മുന്നിൽ വന്നത് സർക്കാരിനെ അലോസരപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കിഫ്ബിക്കെതിരെ സിഎജിയുടെ നിർണായക കണ്ടെത്തലുകളും തുടർന്ന് സിഎജി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം ആരംഭിച്ചതും ഇടത് സർക്കാരിനേയും ധനമന്ത്രി തോമസ് ഐസക്കിനേയും കൂടുതൽ പ്രതിരോധത്തിലാക്കിയിരുന്നു. മസാല ബോണ്ടിലെ സംശയങ്ങൾ ദ്യൂവി കരിക്കാനും സർക്കാരിന് കഴിഞ്ഞിട്ടില്ല.

ഈ ഘട്ടത്തിലാണ് മസാല ബോണ്ടിന് പിന്നാലെ ഗ്രീൻ ബോണ്ടിറക്കി വായ്പയെടുക്കാൻ സർക്കാർ ശ്രമം നടത്തുന്നത്. പരിസ്ഥിതി സൗഹൃദ പദ്ധതികൾ നടപ്പാക്കുന്നതിനു പണം കണ്ടെത്താനാണു ഗ്രീൻ ബോണ്ട് എന്നാണ് സർക്കാർ വാദം. കുറഞ്ഞ പലിശ, ദീർഘമായ തിരിച്ചടവു കാലാവധി എന്നിവയാണ് ഇതിന്റെ പ്രത്യേകതയെന്നും സർക്കാർ പറയുന്നുണ്ട്. അതേ സമയം മസാല ബോണ്ടിൻ്റെ കാര്യത്തിലും സമാനമായ വാദമായിരുന്നു ധനമന്ത്രി അന്ന് നടത്തിയതെന്നതും ശ്രദ്ധേയമാണ്. ജൂൺ 30നു ചേർന്ന കിഫ്ബി ബോർഡ് യോഗം ഇതിന് അനുമതി നൽകിയിട്ടുണ്ട്.

എന്നാൽ മസാല ബോണ്ടിനെ ചൊല്ലി വിവാദം മുറുകുന്ന സാഹചര്യത്തിൽ പുതിയ വിദേശ വായ്പയുടെ കാര്യത്തിൽ ആർബിഐ ഉടൻ തീരുമാനമെടുക്കുമോ എന്നതിലാണ് വ്യക്തത വരേണ്ടത്. അനുമതി നിഷേധിക്കാൻ നിയമപരമായി ആർബിഐക്കു സാധിക്കില്ലെന്ന നിലപാടിലാണു കിഫ്ബിയും ധനവകുപ്പുമുള്ളത്.