ഗോഡ്സെ സ്തുതിയുമായി ബി.ജെ.പി വീണ്ടും ; ഗോഡ്സെ രാജ്യസ്നേഹിയെന്ന് ബി.ജെ.പി എം.എല്‍.എ

Jaihind Webdesk
Wednesday, May 29, 2019
Usha-Thakur

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ ഉഷാ താക്കൂര്‍. ബി.ജെ.പി നേതാവ് പ്രഗ്യാ സിംഗ് താക്കൂര്‍ നടത്തിയ ഗാന്ധി നിന്ദാ പരാമര്‍ശത്തിന് പിന്നാലെയാണിപ്പോള്‍ ഉഷാ താക്കൂറും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

‘ഗോഡ്‌സെ ഒരു ദേശീയവാദിയായിരുന്നു. രാജ്യത്തെ കുറിച്ച് മാത്രമേ അദ്ദേഹം ചിന്തിച്ചിരുന്നുള്ളൂ. ഏത് സാഹചര്യത്തിലാണ് ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹത്തിന് മാത്രമേ അറിയുകയുള്ളൂ’ –  ഉഷാ താക്കൂര്‍ പറഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു ഉഷാ താക്കൂറിന്‍റെ വിവാദ പ്രസ്താവന. അംബേദ്ക്കര്‍ നഗര്‍ എം.എല്‍.എയാണ് ഉഷാ താക്കൂര്‍.

ഉഷാ താക്കൂറിന്‍റെ ഗാന്ദി നിന്ദാ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ശ്രീരാമസ്തുതികള്‍ ബി.ജെ.പിയുടെ വാക്കുകളില്‍ മാത്രമാണെന്നും ഹൃദയത്തിലും പ്രവൃത്തിയിലും ഗോഡ്സെയാണുള്ളതെന്ന് ഇപ്പോള്‍ സംശയാതീതമായി തെളിഞ്ഞിരിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുർവേദി പറഞ്ഞു. അതേസമയം പ്രസ്താവന ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു ബി.ജെ.പി വക്താവ് ദീപക് വിജയ് വര്‍ഗീയയുടെ പ്രതികരണം. ഉഷാ താക്കൂര്‍ നേരത്തെയും വിവാദപ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.