മണിപ്പൂരിന് പിന്നാലെ അസമിലും രാഹുലിന്‍റെ യാത്രയ്ക്ക് നിയന്ത്രണം; ബിജെപിക്ക് ഭയമെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Thursday, January 11, 2024

 

ന്യൂഡല്‍ഹി: മണിപ്പൂരിന് പിന്നാലെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി അസം സർക്കാരും. അതേസമയം യാത്രയുടെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായെന്നും നിശ്ചയിച്ചതു പോലെ തന്നെ യാത്ര ആരംഭിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അസമില്‍ നിയന്ത്രണം ഏർപ്പെടുത്താന്‍ സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി രംഗത്ത് വന്നു. ജോർഹട്ടിൽ കണ്ടെയ്നർ പാർക്കിംഗ് അനുവദിക്കുന്നില്ലെന്നാണ് പിസിസിയുടെ പരാതി. മജൗലിയിലേക്ക് പോകാൻ ജല ഗതാഗത സംവിധാനം അനുവദിക്കുന്നില്ലെന്നും പിസിസി ആരോപിച്ചു. മജൗലി ദ്വീപിലേയ്ക്കും ഭാരത് ജോഡോ ന്യായ് യാത്ര നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇവിടെ എത്താൻ ജങ്കാർ, ബോട്ട് സൗകര്യങ്ങൾക്ക് സർക്കാർ അനുമതി നിഷേധിക്കുകയാണെന്ന് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പറയുന്നു.

ഞായറാഴ്ചയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിലെ ഇംഫാലിൽ നിന്ന് ആരംഭിക്കുന്നത്. പാലസ് ഗ്രൗണ്ടിൽ ഉദ്ഘാടന ചടങ്ങിന് ആദ്യം എൻ. ബിരേൻ സിംഗ് സർക്കാർ അനുമതി നിഷേധിച്ചെങ്കിലും മണിക്കൂറുകൾക്കകം നിബന്ധനകളോടെ അനുമതി നൽകുകയായിരുന്നു. വളരെ കുറച്ച് ആളുകളെ ഉദ്ഘാടനത്തിന് പങ്കെടുപ്പിക്കാം. എത്ര ആളുകൾ പങ്കെടുക്കുന്നു എന്നും അവരുടെ പേരും മുൻകൂട്ടി അറിയിക്കണമെന്നും മണിപ്പുർ സർക്കാര്‍ നിബന്ധന വെച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പരിപാടി പാലസ് ഗ്രൗണ്ടിൽ അന്നേ ദിവസം ഉണ്ടെന്നും മണിപ്പുര്‍ സർക്കാർ പറയുന്നു.

രാഷ്ട്രീയ കാരണം കൊണ്ട് മാത്രമാണ് മണിപ്പുർ സർക്കാർ യാത്രയെ എതിർക്കുന്നത് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ആരോപിച്ചു. അനുമതി നിഷേധിച്ചാലും പരിപാടി ഇംഫാലിൽ നിന്ന് മാറ്റില്ല എന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. യാത്രയുടെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി കോൺഗ്രസ് അറിയിച്ചു.