ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഒരു മാസമാകും മുമ്പ് പരോളനുവദിച്ചത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

Jaihind News Bureau
Saturday, December 27, 2025

കണ്ണൂര്‍: പയ്യന്നൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവിന് ഒരു മാസം തികയും മുമ്പ് പരോളനുവദിച്ചത് ജയില്‍ നടപടി ക്രമങ്ങളുടെ ലംഘനവും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്. പയ്യന്നൂര്‍ നഗരസഭയിലെ കാര വാര്‍ഡില്‍ നിന്നും ജയിച്ച വി.കെ നിഷാദിന് ആറു ദിവസത്തെ പരോള്‍ അനുവദിച്ചത് എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തിയിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

നിഷാദിന്റെ പിതാവിന് അസുഖം ബാധിച്ചതിനാലാണ് പരോളെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. പൊലിസിനെ ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് നിഷാദ്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റു ചെയ്തതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെയാണ് പൊലീസിന് നേരെ ബോംബെറിഞ്ഞത്. കഴിഞ്ഞ മാസം 25 ന് തളിപറമ്പ് കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ച പ്രതിയെയാണ് ജയിലില്‍ ഒരു മാസം തികയുന്നതിന് മുമ്പ് പരോളില്‍ വിട്ടത്. നടപടിക്രമങ്ങള്‍ ലംഘിച്ചുള്ള പരോള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.