മാന്യത ഉണ്ടെങ്കിൽ ജയരാജൻ മോഷണമുതൽ തിരികെ കൊടുക്കണം: അഡ്വ. മാർട്ടിൻ ജോർജ്

 

കണ്ണൂർ: അക്രമികളെയും പിടിച്ചുപറിക്കാരെയും ന്യായീകരിക്കുകയാണ് എംവി ജയരാജനെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജ്. കെ റെയിലിനെ കുറിച്ചുള്ള വിശദീകരണവുമായി സംഘടിപ്പിച്ച ജനസമക്ഷം പരിപാടിയിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ദൃശ്യങ്ങൾ പകർത്തിയ ജയ്‌ഹിന്ദ്‌ ജീവനക്കാരൻ മനേഷ് കൊറ്റാളിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ എംവി ജയരാജൻ മോഷ്ടാക്കളുടെ വക്കാലത്ത് ഏറ്റെടുത്തത് അപഹാസ്യമാണ്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അടക്കമുള്ള സിപിഎം നേതാക്കളുടെ നേതൃത്വത്തിലാണ് അക്രമത്തിനിടെ ജയ്ഹിന്ദ് ജീവനക്കാരന്‍റെ രണ്ടര പവൻ വരുന്ന മാല പിടിച്ചു പറിച്ചത്.

അക്രമം നടത്തുന്ന സ്ഥലങ്ങളിൽ സിപിഎം പ്രവർത്തകർ വീടുകൾ കൊള്ളയടിക്കാറുണ്ട്. നാദാപുരം അടക്കം നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്‌. സമാനമായ സംഭവം ആണ് കണ്ണൂരിലും നടന്നത്. റിജിൽ മാക്കുറ്റിയും സുധീപ് ജെയിംസും അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം ക്രിമിനലുകൾ ക്രൂരമായി മർദ്ദിച്ചതിന്‍റെ ദൃശ്യങ്ങൾ പകർത്തിയത് മനേഷ് ആണ്. ഈ ദൃശ്യങ്ങൾ പുറത്തു വരാതിരിക്കാനാണ് സിപിഎം ഗുണ്ടകൾ മനേഷിനെ ആക്രമിച്ചത്. ഇതിനൊപ്പം മനേഷിന്‍റെ രണ്ടര പവൻ തൂക്കം വരുന്ന മാലയും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉള്ള സംഘം പിടിച്ചുപറിച്ചു. പിടിച്ചുപറിക്കുന്നതിനിടയിൽ രണ്ട് കഷണമായി അടർന്നുമാറിയ മാലയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് മനേഷിന് കിട്ടിയത്. ബാക്കി ഡിവൈഎഫ്ഐ പ്രവർത്തകർ മോഷ്ടിച്ചു കൊണ്ടു പോയി. തങ്ങളുടെ കൈവശം കിട്ടിയ മാലയുടെ ഒരു ഭാഗമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഈ ദൃശ്യങ്ങൾ പകർത്തിയത്‌ മനേഷ് തന്നെ ആണ്. ഇത് ഉയർത്തിപ്പിടിച്ചാണ് മോഷ്ടാക്കളുടെ വക്കാലത്തുമായി എംവി ജയരാജൻ രംഗത്ത് എത്തിയത്. മാന്യത അൽപ്പം എങ്കിലും ബാക്കി ഉണ്ടങ്കിൽ മോഷണ മുതൽ തിരിച്ചുകൊടുക്കാൻ ജയരാജൻ തയാറാവണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

ജനാധിപത്യ രീതിക്ക് യോജിക്കാത്ത പ്രവർത്തനം നടത്തിയ സ്വന്തം അണികളെ തള്ളിപ്പറയുന്നില്ലെന്നതോ പോട്ടെ, കവർച്ചയെ പോലും ന്യായീകരിക്കുന്ന സ്ഥിതിയിലേക്ക് സിപിഎം ജില്ലാ നേതൃത്വം എത്തിപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയ നേതാവിന്‍റെ ഭാഷയല്ല, കവലച്ചട്ടമ്പിയുടെ ഭാഷയാണ് സിപിഎം ജില്ലാ സെക്രട്ടറിയുടേതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

Comments (0)
Add Comment