തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ ഡോ.ശശി തരൂര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയാണ് നേതാക്കളോടൊപ്പമെത്തി ഇരുവരും പത്രിക സമര്‍പ്പിച്ചത്.
രാവിലെ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയതിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പമാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് പത്രിക സമര്‍പ്പിക്കാനെത്തിയത്. തുടര്‍ന്ന് 12.30 യോടെ പ്രവര്‍ത്തകരോടൊപ്പം വരണാധികാരിയായ ജില്ലാ കളക്ടറുടെ മുമ്പാകെ പത്രിക സമര്‍പ്പിച്ചു. രണ്ട് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.
കയര്‍ ത്തൊഴിലാളികളാണ് കെട്ടി വയ്ക്കാക്കാനുള്ള തുക നല്‍കിയിത്. ആറ്റിങ്ങലില്‍ നൂറ്റൊന്നു ശതമാനം വിജയം നേടുമെന്ന് ഉറച്ച ആത്മവിശ്വാസമുണ്ടെന്ന് പത്രിക നല്കിയ ശേഷം അദ്ദേഹം പറഞ്ഞു.
ആറ്റിങ്ങല്‍ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് ചെയര്മാന് കരകുളം കൃഷ്ണപ്പിള്ള, പാലോട് രവി, വര്‍ക്കല കഹാര്‍, കൃഷ്ണകുമാര്‍, കെ.എസ് ശബരീനാഥന് എം.എല്‍.എ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.
രാവിലെ തുടങ്ങിയ വാഹന പര്യടന പരിപാടിക്കിടെയാണ് തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ശശി തരൂര്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. പന്ത്രണ്ടരയോടെ നേതാക്കള്‍ക്കൊപ്പമെത്തിയ തരൂര്‍ തന്നെ കാത്ത് നിന്ന സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് കുശലാന്വേഷണം നടത്തി. തുടര്‍ന്ന് വരണാധികാരിയായ ജില്ലാ കളക്ടറുടെ മുമ്പാകെ പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.
തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളാണ് അദ്ദേഹത്തിന് കെട്ടി വെയ്ക്കാനുള്ള തുക നല്‍കിയത്. ഇത്തവണ തിരുവനന്തപുരത്ത് നിന്നും കൂടുതല്‍ ഭൂരിപക്ഷം നേടുമെന്നും എതിരാളികളെ കുറച്ചു കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ രാഹുല്‍ ഇഫക്ട് കേരളമാകെയും ദക്ഷിണേന്ത്യയിലുമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി
ഡി.സി.സി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, എം.എല്‍.എമാരായ എം.വിന്‍സെന്റ്, വി.എസ് ശിവകുമാര്‍ ,സഹോദരി ശോഭ എന്നിവര്‍ തരൂരിനൊപ്പം എത്തിയിരുന്നു. ഇരു സ്ഥാനാര്‍ത്ഥികള്‍ക്കുമൊപ്പം മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകരും നേതാക്കളും പത്രികാ സമര്‍പ്പണ ചടങ്ങിന് സന്നിഹിതരായിരുന്നു.