ന്യൂ ഡൽഹി : കേരളത്തിന്‍റെ റെയിൽവേ വിഹിതം വർദ്ധിപ്പിക്കണമെന്ന് അടൂർ പ്രകാശ് എം പി. റെയിൽവേയുടെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒപ്പം അനിശ്ചിതാവസ്ഥയിലായ ശബരി റെയിൽവേ പദ്ധതി പൂർത്തിയാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
കഴിഞ്ഞ 10 വർഷമായി ഈ പദ്ധതിയുടെ കാര്യത്തിൽ റെയിൽവേയ്ക്ക് തികഞ്ഞ അവഗണനയാണ്. കൂടാതെ നേമം ടെർമിനലിന്റെ വികസനം അംഗീകരിച്ച പദ്ധതിരേഖ അനുസരിച്ച് എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും അമൃത് ഭാരത് സ്കീമിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്റ്റേഷനുകളുടെ വികസനം വളരെ മന്ദഗതിയിൽ തുടരുന്നതിനാൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വർക്കല ചിറയിൻകീഴ് സ്റ്റേഷനുകളുടെ വികസന പ്രവർത്തനം വേഗത്തിൽ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും അടൂർ പ്രകാശ് ലോകസഭയിൽ ആവശ്യപ്പെട്ടു.
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിന് കീഴിൽ 16 ലെവൽ ക്രോസുകൾ ഉള്ളതിൽ എട്ടിടത്ത് റെയിൽവേ മേൽപ്പാലങ്ങൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ചിറയിൻകീഴ് മേൽപ്പാലത്തിന്റെ മാത്രമാണ് പണി തുടങ്ങിയിട്ടുള്ളത്. ഇവിടെത്തന്നെ മേൽപ്പാലത്തിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്. അനുവദിച്ച മേൽപ്പാലങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും ബാക്കിയുള്ള 7 ലെവൽ ക്രോസുകളിൽ മേൽപ്പാലങ്ങൾ അനുവദിക്കണമെന്നും അദ്ദേഹം ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് ആവശ്യപ്പെട്ടു.