അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്ന ആറ്റിങ്ങൽ കൊട്ടാരം അടൂർ പ്രകാശ് എംപി സന്ദർശിച്ചു

Jaihind News Bureau
Friday, December 27, 2019

തകർച്ചയുടെ വക്കിലെത്തി ഇരിക്കുന്ന ആറ്റിങ്ങൽ കൊട്ടാരം അടൂർ പ്രകാശ് എം.പി. സന്ദർശിച്ചു. 700 വർഷം പഴക്കമുള്ള കൊട്ടാരം അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നു അവസ്ഥയിലാണുള്ളത്. പുരാവസ്തു വകുപ്പിന്‍റെയും ദേവസ്വം ബോർഡിൻറെയും ഏകോപനമില്ലായ്മയാണ് ഇതിന് ഒരു പ്രധാന കാരണം. സംരക്ഷണം ഏറ്റുകൊണ്ട് പുരാവസ്തുവകുപ്പ് രണ്ടുതവണ ദേവസ്വംബോർഡിന് കത്തു നൽകിയിട്ടും കൃത്യമായ മറുപടി ലഭിച്ചില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ആറ്റിങ്ങലിന്‍റെ വിപ്ലവത്തിന്‍റെ ചരിത്രം വിളിച്ചോതുന്ന ഇത്തരം അവശേഷിപ്പുകൾ കാത്ത് സൂക്ഷിക്കേണ്ടതും സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്.

കൊട്ടാരം നവീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ മുൻകൈ എടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു . 1721ലെ ആറ്റിങ്ങൽ കലാപത്തിന് നേതൃത്വം നൽകിയ കൊട്ടാരമാണ് ഇന്ന് നാമാവശേഷമായി മാറുന്നത്. പുരാവസ്തു വകുപ്പും ദേവസ്വം ബോർഡും സംയുക്തമായി ഇടപെട്ടുകൊണ്ട് ആറ്റിങ്ങലിലെ ചരിത്രമുറങ്ങുന്ന കൊട്ടാരം സംരക്ഷിക്കണമെന്നും ഈ വിഷയം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.