K C VENUGOPAL| അടൂര്‍ ഗോപാലകൃഷ്ണന്റെ ദളിത്-സ്ത്രീ വിരുദ്ധ പരാമര്‍ശം അങ്ങേയറ്റം നിരാശജനകം; സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരന് ചേര്‍ന്നതല്ല: വിമര്‍ശിച്ച് കെ സി വേണുഗോപാല്‍

Jaihind News Bureau
Tuesday, August 5, 2025

അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ ദളിത്-സ്ത്രീ വിരുദ്ധ പരാമര്‍ശം അങ്ങേയറ്റം നിരാശജനകവും അപലപനീയവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. പിന്നോക്ക വിഭാഗങ്ങളെയും സ്ത്രീകളെയും അപമാനിക്കുന്ന പരാമര്‍ശം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കലാകാരനില്‍ നിന്നുണ്ടാകുമ്പോള്‍, കടുത്ത ഭാഷയില്‍ത്തന്നെ എതിര്‍പ്പ് രേഖപ്പെടുത്തേണ്ടതുണ്ട്. പിന്നോക്ക വിഭാഗങ്ങളെയും സ്ത്രീകളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍ പരിശ്രമിക്കേണ്ടുന്ന, അതിന് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്‌ക്കേണ്ടുന്ന അദ്ദേഹത്തെപ്പോലുള്ളവര്‍ തികച്ചും ഉത്തവാദിത്തരഹിതമായി സംസാരിക്കുന്നത്, അരികുവത്കരിക്കപ്പെട്ടവരോടുള്ള ഫ്യൂഡല്‍ പൊതുബോധ കാഴ്ചപ്പാടിനെ ഊട്ടിയുറപ്പിക്കുക കൂടിയാണ് ചെയ്യുകയെന്നും കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ സി വേണുഗോപാല്‍ എം പി യുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളം ബഹുമാനിക്കുന്ന വിഖ്യാത ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തില്‍ നിന്നുണ്ടായ പരാമര്‍ശം അങ്ങേയറ്റം നിരാശാജനകവും അപലപനീയവുമാണ്. പിന്നോക്ക വിഭാഗങ്ങളെയും സ്ത്രീകളെയും അപമാനിക്കുന്ന പരാമര്‍ശം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കലാകാരനില്‍ നിന്നുണ്ടാകുമ്പോള്‍, കടുത്ത ഭാഷയില്‍ത്തന്നെ എതിര്‍പ്പ് രേഖപ്പെടുത്തേണ്ടതുണ്ട്.

പിന്നോക്ക വിഭാഗങ്ങളെയും സ്ത്രീകളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍ പരിശ്രമിക്കേണ്ടുന്ന, അതിന് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്‌ക്കേണ്ടുന്ന അദ്ദേഹത്തെപ്പോലുള്ളവര്‍ തികച്ചും ഉത്തവാദിത്തരഹിതമായി സംസാരിക്കുന്നത്, അരികുവത്കരിക്കപ്പെട്ടവരോടുള്ള ഫ്യൂഡല്‍ പൊതുബോധ കാഴ്ചപ്പാടിനെ ഊട്ടിയുറപ്പിക്കുക കൂടിയാണ് ചെയ്യുക.
പിന്നോക്ക വിഭാഗത്തില്‍ നിന്നും സ്ത്രീ സമൂഹത്തില്‍ നിന്നും വരുന്നവര്‍ മാത്രം പരിശീലനത്തിന് വിധേയരാകണമെന്ന കാഴ്ചപ്പാട് അദ്ദേഹത്തിന്റെ കണ്ണാടിയുടെ പ്രശ്‌നമാകാം. മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ആ പരിശീലനത്തിന്റെ ആവശ്യമില്ലാത്തത് സമൂഹത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വിവേചനത്തിന്റെ പരിണിതഫലമാണ്. ഇപ്പോഴും ആ ചിന്ത തന്നെയാണോ താന്‍ തുടരുന്നതെന്ന് സിനിമാ രംഗത്തെ ഗുരുസ്ഥാനീയനായി പലരും കാണുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വയം പരിശോധിക്കണം. സ്വയം തിരുത്തണം. ഭാസ്‌കര പട്ടേലര്‍ തന്റെ ഒരു കഥാപാത്രം മാത്രമായിരുന്നുവെന്ന് ബോധ്യപ്പെടണം.

ഒപ്പം, അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തോട് അതേ സദസ്സില്‍ വെച്ച് ത്തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയ ഗായിക പുഷ്പവതി അഭിനന്ദനമര്‍ഹിക്കുന്നു. തിരുത്തപ്പെടേണ്ടത് തിരുത്തിത്തന്നെ പോകുമ്പോഴാണ് കേരളം പ്രബുദ്ധ കേരളമായി നിലകൊള്ളുക.