എ.ഡി.എമ്മിന്റെ ആത്മഹത്യ; കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ പങ്കന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്; മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം

Jaihind Webdesk
Friday, November 1, 2024

കണ്ണൂര്‍ : എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ പങ്കന്വേഷിക്കണമെന്നും കളക്ടറെ മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഡിസിസി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച് കലക്ട്രേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. മാര്‍ച്ച് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. പി പി ദിവ്യയെ സഹായിക്കാനാണ് കണ്ണൂര്‍ കളക്ടര്‍ രംഗത്തിറങ്ങിയത്. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞുവെന്ന മൊഴി അതിന് വേണ്ടിയാണ്. പച്ചക്കള്ളമാണ് കളക്ടര്‍ പറഞ്ഞതെന്നും കെ.സുധാകരന്‍ എംപി പറഞ്ഞു.

തെറ്റ് തിരുത്തുവാന്‍ കളക്ടര്‍ തയ്യാറാവണം. അല്ലെങ്കില്‍ കളക്ടര്‍ക്ക് എതിരെ പ്രതിഷേധം ശക്തമാക്കും. ദിവ്യയെ സി പി എം നേതാക്കളും പൊലീസും സംരക്ഷിക്കുകയായിരുന്നു. ദിവ്യയ്ക്ക് ഒളിവില്‍ കഴിയാന്‍ പൊലീസ് പൂര്‍ണ സംരക്ഷണം നല്‍കിയെന്നും കെ പി സി സി പ്രസിഡന്റ് കുറ്റപ്പെടുത്തി. ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മുകളില്‍ കയറി പ്രതിഷേധിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കസ്റ്റഡിയില്‍ എടുക്കാനുള്ള പൊലീസ് ശ്രമം പ്രവര്‍ത്തകര്‍ പ്രതിരോധിച്ചു.

പ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തില്‍ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ റോഡില്‍ തെറിച്ച് വീണു. ജലപീരങ്കി പ്രയോഗത്തിന് എതിരെ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് വാഹനത്തിന് മുന്നില്‍ നിന്ന് പ്രതിഷേധിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോയും, ടി സി പ്രിയയും കളക്ട്രേറ്റ് മതിലിന് മുകളില്‍ കയറി പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോവുകയായിരുന്ന പൊലീസ് വാഹനത്തിന് മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.