സംസ്ഥാനത്ത് ഭരണസ്തംഭനം, സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കുന്നുകൂടുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

 

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇപ്പോള്‍ ഭരണസ്തംഭനമാണെന്നും സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കുന്നുകൂടുന്നെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.യുണൈറ്റഡ് ടീച്ചേഴ്‌സ് ആന്‍ഡ് എംപ്ലോയിസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സംഘടിപ്പിച്ച നിലപാടറിയിക്കല്‍ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഫയലുകള്‍ ചലിക്കുന്നില്ല. എം.ശിവശങ്കറിനേയും സിഎം രവീന്ദ്രനെയും പോലുള്ള ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിന്റെ ദുരന്തഫലമാണ് കേരളം ഇന്ന് നേരിടുന്ന അപമാനമെന്നും മുല്ലപ്പള്ളി പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദുരിതകാലമാണ്. അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ആനുകൂല്യങ്ങള്‍ തടഞ്ഞു വയ്ക്കുകയും ചെയ്തു. ഭരണകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനെക്കാള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താല്‍പ്പര്യം ആഡംബരവും ധൂര്‍ത്തുമാണ്.സംസ്ഥാന പൊതുകടം പെരുകി. ഇനി ജനിക്കാന്‍ പോകുന്ന കുഞ്ഞുപോലും കടക്കാരനാണ്. ഇതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടമെന്നും മുല്ലപ്പള്ളി പരിഹസിച്ചു. രണ്ടര ലക്ഷം കരാര്‍ ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്. സിപിഎമ്മുകാരുടേയും പാര്‍ട്ടി നേതാക്കളുടേയും മന്ത്രിമാരുടെ ബന്ധുക്കള്‍ക്കും പിന്‍വാതില്‍ വഴി നിയമനം നല്‍കാനുമാണ് ഈ സര്‍ക്കാരിന് താല്‍പ്പര്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Comments (0)
Add Comment