എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ ; ടി.വി.പ്രശാന്തിന് സസ്‌പെന്‍ഷന്‍

Jaihind Webdesk
Saturday, October 26, 2024


കണ്ണൂര്‍ : കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ പെട്രോള്‍ പമ്പിന് അപേക്ഷിച്ച ടി വി പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തു.പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരനായ പ്രശാന്തിനെതിരെ ആരോഗ്യ വകുപ്പാണ് നടപടിയെടുത്തത്.ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ടലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.സര്‍ക്കാര്‍ സര്‍വീസിലിരിക്കെ പെട്രോള്‍ പമ്പിന് അപേക്ഷിച്ചതും, കൈക്കൂലി നല്‍കിയെന്നു പറഞ്ഞതും സര്‍വീസ് ചട്ടലംഘനമെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.കൈക്കൂലി നല്‍കുന്നതും വാങ്ങുന്നതും ഗുരുതരമായ ചട്ടലംഘനമാണ്. കടുത്ത അച്ചടക്ക നടപടിക്ക് മുന്നോടിയായാണ് സസ്‌പെന്‍ഷന്‍.

അതെസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയനായ ടി വി പ്രശാന്തന്‍ ഒക്ടോബര്‍ 10 -ാം തിയ്യതി മുതല്‍ അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ ആയിരിക്കെ സാമ്പത്തിക ലാഭത്തിനായി സ്വകാര്യ ബിസിനസ്സ് സംരംഭത്തില്‍ ഏര്‍പ്പെട്ട നടപടി ഗുരുതര അച്ചടക്ക ലംഘനവും പെരുമാറ്റ ചട്ടലംഘനവുമാണ്, കാര്യസാധ്യത്തിനായി കൈക്കൂലി നല്‍കിയെന്ന് പറയുന്ന ആരോപണം ഗുരുതരമാണ് എന്നീ കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് സസ്പെന്‍ഷന്‍ നടപടി.