കണ്ണൂർ : അയ്യൻകുന്നിൽ മഞ്ഞപ്പിത്തം ബാധിച്ച ആദിവാസി യുവാവ് മതിയായ ചികിത്സ കിട്ടാതെ മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ കരിക്കോട്ടക്കരി ഐ എച്ച് ഡി പി കോളനിയിലെ രാജു സുശീല ദമ്പതികളുടെ മകൻ രാജേഷ് ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പരിശോധിക്കാൻ പോലും തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
മൂന്ന് ദിവസം മുമ്പ് ചികിത്സയ്ക്കായി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിയ യുവാവിനെ പരിയാരം ഗവന്മെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ 5:30 ന് മരണം സംഭവിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാജേഷിന് വേണ്ടത്ര ചികിത്സ ലഭിച്ചില്ല എന്നാണ് മാതാപിതാക്കളും സഹോദരിയും ആരോപിക്കുന്നത്. ഐ എച്ച് ഡി പി കോളനിയിലെ സുശീല രാജു ദമ്പതികളുടെ മകനാണ് മരിച്ച രാജേഷ്. മരണ വിവരമറിഞ്ഞ് രാജേഷിന്റെ വീട്ടിലെത്തിയ പേരാവൂർ എം.എൽ.എ സണ്ണി ജോസഫിനോട് പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് അവർക്കുണ്ടായ അനുഭവം രാജേഷിന്റെ സഹോദരി രാജിയും സഹോദരനും പറഞ്ഞു. മരിച്ച രാജേഷിന്റെ ബന്ധുക്കളുമായി സംസാരിച്ച സണ്ണി ജോസഫ് എം.എൽ.എ ആരോഗ്യമന്ത്രി വീണ ജോർജിനെ ഫോണിൽ വിളിച്ച് കുടുംബത്തിന്റെ പരാതി അറിയിച്ചു. ചികിത്സ നൽകുന്നതിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ നടപടി എടുക്കണെമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.