കണ്ണൂർ ആറളത്ത് കാട്ടാനയുടെ ചവിട്ടേറ്റ് ഒരു ആദിവാസി മരിച്ചു. ആറളം പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കിലെ കൃഷ്ണൻ (42) വയസ്സ് ആണ് മരിച്ചത്. മൃതദേഹം സ്ഥലത്ത് നീക്കാൻ പോലീസ് തയ്യാറാവാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം. ഒരു വർഷത്തിനിടെ നാലാംമത്തെ ആളാണ് ആനയുടെ ചവിട്ടേറ്റ് മരിക്കുന്നത്
ആറളം ഫാമിൽ പത്താം ബ്ലോക്ക് താമസിക്കുന്ന ചപ്പിലി കൃഷ്ണനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയെ ഓടിക്കുന്നതിനിടയിൽ തിരികെ വന്ന കാട്ടാനയാണ് കൃഷ്ണനെ തുമ്പിക്കൈകൊണ്ട് അടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയത് . ഒപ്പമുണ്ടായിരുന്ന സജി, നാരായണൻ എന്നിവർ എതിർദിശയിലേക്ക് ഓടിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്ത് തൊഴിലുറപ്പ് ജോലിയിലായിരുന്ന കൃഷ്ണൻ വീടിനടുത്തുനിന്ന് ചിന്നംവിളി കേട്ട് ആണ് എത്തിയത്.
വീട്ടിലുണ്ടായിരുന്ന പ്രായമായ അച്ഛനെയും മകളെയും സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ച ശേഷം റോഡിൽ ഏറെ ആൾക്കാർ നടന്നു വരുന്ന സമയമായതിനാൽ ഇവർക്ക് മുന്നറിയിപ്പും നൽകി കാട്ടാനയെ മറ്റുള്ളവർക്കൊപ്പം ചേര്‍ന്ന് കാട്ടിലേക്ക് ഓടിച്ചു മടങ്ങുന്നതിനിടെയാണ് 150 മീറ്ററോളം മുന്നിലെത്തിയ കാട്ടാന പെട്ടെന്ന് തിരിഞ്ഞത്. ഇതുകണ്ട് പിന്തിരിഞ്ഞോടിയ കൃഷ്ണൻ കയ്യാലയിൽ തട്ടി വീഴുകയായിരുന്നു. ഇതോടെയാണ് കാട്ടാന തുമ്പിക്കൈകൊണ്ട് അടിച്ചും ചവിട്ടിയും കൃഷ്ണനെ കൊലപ്പെടുത്തിയത്