മാരിക്കാറും മനുഷ്യനും കൂടി തീര്‍ത്ത ദുരന്തത്തിന്റെ ബാക്കി പത്രം അവശേഷിപ്പിച്ച് ഒരു വര്‍ഷം കൂടി മടങ്ങുമ്പോള്‍ തീരാത്ത ദുരിതക്കയത്തില്‍ നൊമ്പരവും പേറി നില്‍ക്കുകയാണ് കേരള ജനത. ഓഖിയില്‍ തുടങ്ങിയത് മഹാപ്രളയത്തില്‍ അവസാനിപ്പിച്ച് പ്രകൃതിയും മനുഷ്യനും പിന്മാറുമ്പോഴും നെഞ്ചുരുകുന്ന വിലാപങ്ങള്‍ക്ക് അവസാനമാകുന്നില്ല. അതിജീവനകലയുടെ ചിലമ്പണിഞ്ഞ് കെടുതികളില്‍ നിന്ന് നാട് ഒറ്റക്കെട്ടായി ഉയര്‍ത്തെഴുന്നേറ്റെങ്കിലും പിന്നീടുള്ള പുനര്‍നിര്‍മ്മാണം പാടെ പാളി. അതിനിടയിലേക്കെത്തിയ ശബരിമയിലെ സ്ത്രീപ്രവേശന വിധി നവോത്ഥാന ചരിത്രത്തെ പിന്‍പറ്റി നിന്നും നടപ്പാക്കാന്‍ ധൃതി കാട്ടിയ സര്‍ക്കാരിനും പിഴച്ചു. ആചാരാനുഷ്ഠാനങ്ങളുടെ നിഷ്ഠയില്‍ ഉറച്ച വിശ്വാസ സമൂഹത്തിന്റെ അമര്‍ഷം സര്‍ക്കാരിനെ ഉലച്ചു. അതിനിടയില്‍ വിശ്വാസികളുടെ മേലങ്കിയണിഞ്ഞ് എത്തിയ വര്‍ഗീയ കക്ഷികള്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള സുവര്‍ണ്ണാവസരമാക്കി അക്രമവും കോലാഹലവുമുണ്ടാക്കി. വിശ്വാസം അരക്കിട്ടുറപ്പിച്ച ഭൂമിയില്‍ ഇരുപക്ഷവും വിതറിയ കലാപചിന്തുകള്‍ മുറിവേല്‍പ്പിച്ചത് യഥാര്‍ത്ഥ വിശ്വാസികളുടെ മനസിനെയാണ്. അവിടെയും തീര്‍ന്നില്ല. പരമോന്നത നീതിന്യായ പീഠത്തിന്റെ സുപ്രധാനവിധിയെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ നവോത്ഥാന ചരിത്രത്തെ കൂടി കൂട്ടിക്കുഴച്ച് മതില്‍ നിര്‍മ്മാണത്തിന്റെ തിരക്കിലാണ്. ആ മതിലില്‍ വീണു പൊള്ളുന്ന കണ്ണീര്‍ സര്‍ക്കാരും സംഘപരിവാരങ്ങളും ചിവിട്ടിതാഴ്ത്തിയ പ്രളയത്തില്‍ അഴ്ന്നിറങ്ങി മുറിവേറ്റവരുടേതാവും. ഒരു ജ്യോതിക്കും അവരുടെ ജീവിതത്തില്‍ വെളിച്ചം നിറയ്ക്കാനാവില്ല. പൊള്ളുന്ന ഓര്‍മ്മകളിലൂടെ 2018 അവസാനിക്കുകയാണ്.
ജലം കൊണ്ട് മുറിവേറ്റവരും ചുവട് പിഴച്ച പുനരുദ്ധാരണവും
പ്രളയജലം ഒഴുകിയറങ്ങിയത് ജീവിതങ്ങളിലേക്കായിരുന്നു. ഏതാണ്ട് 31000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ വിലയിരുത്തിയിട്ടും പുനരുദ്ധാരണം എങ്ങുമെത്തിയില്ല്. 1924 ന് ശേഷം സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയത്തില്‍ കാര്‍ഷിക മേഖലയടക്കം എല്ലാം തകര്‍ന്നടിഞ്ഞു. വ്യവാസായിക മേഖല സ്തംഭിച്ചു. 17000 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ഉരുള്‍െപാട്ടിയൊലിച്ച് ഒട്ടേറെ പേര്‍ വിടപറഞ്ഞു. പ്രളയം പ്രകൃതിയുടെ വികൃതിയല്ല മറിച്ച് മനുഷ്യനിര്‍മ്മിതമാണെന്ന വാദം ശക്തമായി തുടരുന്നു. വഴിവിട്ട ഡാം മാനേജ്‌മെന്റിന്റെ പരിണിതഫലമെന്ന ആരോപണത്തെ ഫലപ്രദമായി നേരിടാന്‍ ഇനിയും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പുനരുദ്ധാരണത്തിനുള്ള കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കുന്നതില്‍ പരാജയമായ കേരള സര്‍ക്കാരിനെ പുറത്തു നിന്നും ഫണ്ട് വാങ്ങാന്‍ കേന്ദ്രം അനുവദിച്ചില്ല. സാലറി ചലഞ്ചും സംഭാവനകളും തുടര്‍ന്നെങ്കിലും ധനസമാഹരണം പാളി. പുനരുദ്ധാരണം വാക്കുകളിലൊതുക്കിയ സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം പോലും ഇതുവരെ നല്‍കിയില്ല. 14.5 ലക്ഷത്തോളം ആളുകളായിരുന്നു ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്‍പ്പെട്ടിരുന്നത്. ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിന് ചുവട് പിഴച്ചു. ദുരിതബാധിതര്‍ ഇപ്പോഴും പെരുവഴിയില്‍ ആലംബമില്ലാതെ നില്‍ക്കുകയാണ്. എന്തിനാണ് അവരെ ഇപ്പോഴും മഴയില്‍ നിര്‍ത്തിയിരിക്കുന്നതെന്ന ചോദ്യത്തിനു ഇടത് സര്‍ക്കാരിന് ഉത്തരമില്ല.
മലകയറിയെത്തിയ വിവാദങ്ങള്‍
സെപ്റ്റംബര്‍ 28ന് രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നും പുറത്തുവന്ന ശബരിമലയിലെ യുവതീപ്രവേശന വിധിയുടെ ചുവട് പിടിച്ച് നടന്ന സംഭവങ്ങള്‍ കേരളത്തെ കലുഷിതമാക്കി. സുപ്രീം കോടതിവിധി ധൃതിയില്‍ നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സര്‍ക്കാരിനെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയില്ലാതെ വിശ്വാസികളുടെ അമര്‍ഷമുണ്ടായി. ഇത് പിന്നിട് സംഘപരിവാരം ഹൈജാക്ക് ചെയ്യാന്‍ ഇറങ്ങിപുറപ്പെട്ടു. പ്രളയത്തിന് ശേഷം അക്രമവും സംഘര്‍ഷവും നാടിന്റെ സമാധാനം തകര്‍ത്തു. ചരിത്രത്തിലാദ്യമായി ശബരിമല പൂങ്കാവനത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു. ശബരിമല സന്നിധാനത്തും പൂങ്കാവനത്തിലും പ്രതിഷേധങ്ങളും അക്രമവും അരങ്ങേറി. സംഘടിച്ചെത്തിയ സംഘപരിവാര്‍ അവിടെ ആചാരവും ലംഘിച്ചു. മല കയറാനെത്തിയ യഥാര്‍ത്ഥ വിശ്വാസികള്‍ പരിവാറിന്റെ രാഷ്ട്രീയ നാടകങ്ങളിലും പൊലീസിന്റെ നിയന്ത്രണങ്ങളിലും പെട്ട് സമ്മര്‍ദ്ദത്തിലായി. കൃത്യമായ ആലോചനയോടെ പരിഹരിക്കാവുന്ന പ്രശ്‌നം വഷളാക്കിയ സര്‍ക്കാര്‍ അതിനെ ന്യായീകരിക്കാന്‍ നവോത്ഥാന ചരിത്രത്തിലേക്കാണ് വിരല്‍ചൂണ്ടിയത്. ഇതൊന്നും പ്രശ്‌നത്തെ എങ്ങുമെത്തിച്ചില്ല. ഒന്നായി നിലയുറപ്പിച്ച നാടിനെ ഭിന്നിപ്പിക്കാന്‍ മാത്രമേ സര്‍ക്കാരിന്റെ ന്യായീകരണങ്ങള്‍ക്കായുള്ളൂ. വിധിയെ ചൊല്ലിയുള്ള വിവാദം തുടരുമ്പോള്‍ സുപ്രീം കോടതി വിഷയത്തില്‍ വീണ്ടും 2019 ജനുവരി 22 വാദം കേള്‍ക്കും.
മറയില്ലാതെ ‘മീ ടു’
വനിതകളെ ചൂഷണം ചെയ്യുന്നതിനെതിരായ ഹാഷ് ടാഗില്‍ കേരളവും ഇടം നേടിയപ്പോള്‍ ഒരേസമയം വേട്ടക്കാരും ഇരയ്ക്കുെമാപ്പം നിലയുറപ്പിച്ച് സി.പി.എമ്മും നാണം കെട്ടു. രണ്ട് ഇടത് എം.എല്‍.എമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ സി.പി.എം അടിപതറി. ഇതില്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ഉയര്‍ന്ന ആരോപണം മീടു ആയിരുന്നില്ലെങ്കിലും അത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി. ശശിക്കെതിരെ നിലയുറപ്പിച്ച വനിത നേതാവ് നല്‍കിയ പരാതി സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെയാണ് സജീവമായത്. പരാതി കത്തിപ്പടര്‍ന്നതോടെ നിയമമന്ത്രി എ.കെബാലനെയും പി.കെ ശ്രീമതി എം.പിയെയും അന്വേഷണക്കമ്മീഷനായി നിയമിച്ചു. രണ്ട് കേന്ദ്രക്കമ്മറ്റിയംഗങ്ങള്‍ നടത്തുന്ന അന്വേഷണത്തിനിടയിലും ശശിയെ രക്ഷിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടത്തിയ സി.പി.എം നാണംകെട്ടു. കമ്മീഷനംഗമായ ബാലന്‍ തന്നെ ശശിക്കെതിരായ ആരോപണം പൊതുചടങ്ങില്‍ തള്ളിയതും വിവാദമായി. അവസാനം കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ശശിയെ സസ്‌പെന്റ് ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
പറന്നുയര്‍ന്ന് വയല്‍ക്കിളികള്‍
കീഴാറ്റൂര്‍ ഭൂസമരത്തിലൂടെ സി.പി.എമ്മിന് അനഭിമതരായ വയല്‍ക്കിൡകള്‍ രചിച്ചത് ചരിത്രമാണ്. കീഴാറ്റൂര്‍ വയലിലൂടെ ദേശീയപാത അനുവദിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന സുരേഷ് കീഴാറ്റൂര്‍ ഉയര്‍ത്തിയത് അതീജീവനത്തിന്റെ വെല്ലുവിളിയാണ്. എന്നാല്‍ കര്‍ഷകരുടെയും അടിസ്ഥാന വര്‍ഗത്തിന്റെയും പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എം അവരുടെ സമരപ്പന്തല്‍ പൊലീസിനെ ഉപയോഗിച്ച് അഗ്നിക്കിരയാക്കുകയായിരുന്നു. ബൈപാസിന്റെ അലൈന്‍മെന്റ് മാറ്റില്ലെന്ന വാശിയില്‍ ഉറച്ചു നിന്ന സി.പി.എമ്മും സര്‍ക്കാരും അവരെ നിരന്തരം ആക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് വയല്‍ക്കിളികളുടെ ലോംഗ് മാര്‍ച്ചിനും കേരളം സാക്ഷിയായി. വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി ബൈപാസിന്റെ അലൈന്‍മെന്റ് മാറ്റാന്‍ സഹായിക്കാമെന്നു പറഞ്ഞെത്തിയ ബി.ജെ.പിയും അവരെ വഞ്ചിച്ചു. തളരാതെ മുന്നോട്ടു പോയ വയല്‍ക്കിളികള്‍ വീണ്ടും വയല്‍ പിടിച്ചെടുക്കല്‍ സമരം നടത്തി രണ്ടാംഘട്ട അതിജീവനത്തിന് തുടക്കമിട്ടു.
നുരഞ്ഞുപൊങ്ങിയ ബ്രൂവറി അഴിമതിയും ബന്ധുനിയമനവും
സംസ്ഥാനത്ത് മൂന്ന് ബ്രൂവറിയും ഒരു ഡിസ്റ്റിലറിയും അനുവദിച്ച സര്‍ക്കാരിന്റെ വഴിവിട്ട നപടിക്ക് പിന്നിലെ അഴിമതി വെളിച്ചത്തായ വര്‍ഷം കൂടിയായിരുന്നു ഇത്. നടപടിക്രമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് മദ്യഉത്പാദനശാലകള്‍ അനുവദിക്കാന്‍ തിടുക്കം കാട്ടിയ സര്‍ക്കാരിന് അഴിമതി മറച്ചുപിടിക്കാനായില്ല. സര്‍ക്കാരിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെയായിരുന്നു ബ്രൂവറികളും ഡിസ്റ്റിലറികളും നിര്‍മ്മിക്കാനുള്ള നീക്കം. മുഖ്യമന്ത്രി നേരിട്ടു ചുക്കാന്‍ പിടിച്ചിട്ടും അഴിമതി പുറത്തുകൊണ്ടുവരാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞു. മദ്യലോബിയുമായുള്ള ഇടപെടല്‍ അന്വേഷണത്തിലേക്ക് നയിക്കുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ സര്‍ക്കാര്‍ തന്നെ ഉത്തരവ് പിന്‍വലിച്ച് തടിയൂരുകയായിരുന്നു. അഴിമതി മൂടിവെയ്ക്കാന്‍ ഒരു വശത്ത് ശ്രമം തുടരുമ്പോള്‍ മറുവശത്ത് സ്വജനപക്ഷപാതത്തിലൂടെ ബന്ധുനിയമനം നടത്തിയ കെ.ടി ജലീല്‍ വിവാദത്തിലായി. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ തലപ്പത്തേക്ക് കെ.ടി അദീപെന്ന മന്ത്രിബന്ധുവിന് വഴിവിട്ട് നിയമനം നല്‍കിയ ജലീലും അവസാനം കുടുക്കിലായി. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ഇതുന്നയിച്ച് രംഗത്തെത്തിയതോടെ നിയമനത്തെ ന്യായീകരിക്കാന്‍ ജലീല്‍ നടത്തിയ ശ്രമങ്ങളും പൊളിഞ്ഞു. തുടര്‍ച്ചയായി തെളിവുകള്‍ പുറത്തു വന്നതോടെ നിയമനത്തിലെ കള്ളി വെളിച്ചത്തായി. പിന്നീട് അദീപിന് രാജിവെച്ചോഴിയേണ്ടിയും വന്നു.
നാലമൂഴത്തില്‍ മാത്യു.ടി.തോമസും പുറത്ത്
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറി രണ്ടരവര്‍ഷം തികയുമ്പോള്‍ നാലമതൊരു മന്ത്രിക്ക് കൂടി 2018ല്‍ പുറത്തുപേകേണ്ടി വന്നു. സ്വന്തം പാര്‍ട്ടിയിലെ പടലപിണക്കങ്ങളാണ് മാത്യു.ടി.തോമസിന് ചുവപ്പു കാര്‍ഡ് നല്‍കി പുറത്തിരുത്തിയത്. മന്ത്രിസഭാ രൂപീകരണ വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒത്താശയോടെയാണ് മാത്യു.ടി.തോമസ് മന്ത്രിസ്ഥാനത്തെത്തിയത്. എന്നാല്‍ കെ.കൃഷ്ണന്‍കുട്ടിക്ക് മന്ത്രിസ്ഥാനം നല്‍കണമെന്ന പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നതോടെ പുറത്തുപോകാന്‍ മാത്യു.ടി.തോമസിന് മേല്‍ സമ്മര്‍ദ്ദം ശക്തമായി. ആദ്യമൊക്കെ പിടിച്ചു നിന്ന മാത്യു.ടി തോമസിനെ നിലംപരിശാക്കാന്‍ പാര്‍ട്ടി ദേശീയ നേതാവ് ദേവഗൗഡ കൂടി ഇടപെട്ടതോടെ മന്ത്രിക്ക് രാജി നല്‍കേണ്ടി വന്നു. പ്രതീക്ഷിച്ചതു പോലെ വിഷയത്തില്‍ സഹായവുമായെത്താന്‍ സി.പി.എമ്മിനും കഴിഞ്ഞില്ല. ഇതോടെ അധികാരവടംവലിയില്‍ പുറത്താവുന്ന മറ്റൊരു മന്ത്രിയായി മാത്യു.ടി.തോമസും മാറിയെന്നതാണ് വസ്തുത.