പിസി ജോർജിന്‍റെ ജാമ്യത്തിൽ സർക്കാരിന് വീഴ്ച : അഡീഷണൽ പ്രോസിക്യൂട്ടർ മജിസ്ട്രേറ്റ് മുന്നിൽ ഹാജരാകാൻ തയ്യാറായില്ല

പിസി ജോർജിന്‍റെ ജാമ്യത്തിൽ സർക്കാരിന് വീഴ്ച. മതവിദ്വേഷം പ്രസംഗത്തിന് അറസ്റ്റിലായ പി സി ജോർജിനെതിരെ സർക്കാർ പ്രോസിക്യൂട്ടർ ഹാജരായില്ല. പോലീസ് ആവശ്യപ്പെട്ടിട്ടും അഡീഷണൽ പ്രോസിക്യൂട്ടർ മജിസ്ട്രേറ്റ് മുന്നിൽ ഹാജരാകാൻ തയ്യാറായില്ല. മത വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ പി സി ജോർജിന്‍റെ  ജാമ്യാപേക്ഷ പരിഗണിക്കവെ മജിസ്ട്രേറ്റ് ആശാ കോശിയുടെ മുമ്പാകെ പോലീസാണ് അഡീഷണൽ പ്രോസിക്യൂട്ടറുടെ അഭാവത്തിൽ വാദങ്ങൾ ഉന്നയിച്ചത്.ജഡ്ജിയുടെ വസതിയിൽ നടക്കുന്ന കോടതി നടപടികളിൽ ഹാജരാകില്ലെന്ന് ആയിരുന്നു പ്രോസിക്യൂട്ടറുടെ നിലപാട്. പ്രോസിക്യൂഷൻ വാദങ്ങൾ ഇല്ലാത്തതിനാൽ ഉപാധികളോടെ പിസി ജോർജ്ജിന് മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.

പി സി ജോർജിന്‍റെ വിഷയത്തിൽ സർക്കാർ ഒത്തുകളിക്കുകയാണ് എന്ന വിമർശനങ്ങൾ ഉയർന്നിരുന്നു . ഇത് സാധൂകരിക്കുന്നതാണ് പി സി ജോർജിന്‍റെ റിമാൻഡ് ആവശ്യപ്പെട്ടുള്ള വാദങ്ങൾ ഉന്നയിക്കാൻ പ്രോസിക്യൂട്ടർ ഹാജരാകാത്തത്.  വിദ്വേശ പ്രസംഗത്തിന് ജാമ്യമില്ലാത്ത വകുപ്പിൽ അറസ്റ്റിലായ പി സി ജോർജ്ജിനെതിരെ പ്രോസിക്യൂട്ടർ ഹാജരാകാത്തതിൽ സർക്കാറിന്‍റെ വീഴ്ചയെയാണ് വിരൽചൂണ്ടുന്നത്. ഈരാറ്റുപേട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ പിസി ജോർജ്ജിനെ സ്വന്തം വാഹനം ഉപയോഗിക്കാൻ അനുവദിച്ചതും വഴിയിലുടനീളം ഉണ്ടായ പ്രകടനങ്ങളെ അഭിവാദ്യം ചെയ്യാൻ പോലീസ് വഴിയൊരുക്കിയതും വലിയ വിവാദമായതിന് പിന്നാലെയാണ് വിഷയത്തിൽ സർക്കാരിന്‍റെ നിലപാട് കൂടി വ്യക്തമാകുന്നത്.

മത വിദ്വേഷം വളർത്തുന്ന രീതിയിൽ പരാമർശങ്ങൾ നടത്തിയതിന് 153എ പ്രകാരം ജാമ്യമില്ലാത്ത വകുപ്പിൽ അറസ്റ്റിലായ പിസി ജോർജിന് ജാമ്യം അനുവദിക്കരുതെന്ന സർക്കാരിന്റെ വാദം ഉന്നയിക്കാൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാൻ സർക്കാർ പ്രോസിക്യൂട്ടർ തയ്യാറാകാത്തത് സർക്കാരിന്‍റെ വീഴ്ച വ്യക്തമാക്കുന്നതാണ്. ഹാജരാകണമെന്ന പോലീസിന്‍റെ ആവശ്യവും അഡീഷണൽ പ്രോസിക്യൂട്ടർ നിരാകരിക്കുകയായിരുന്നു.

Comments (0)
Add Comment