ഇന്ന് അർധരാത്രി മുതല്‍ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് സ്വന്തം

Jaihind Webdesk
Wednesday, October 13, 2021

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് അർധരാത്രി മുതല്‍ അദാനിക്ക് സ്വന്തം. എയർപോർട്ട് അതോറിറ്റിയും അദാനിയും തമ്മിലുള്ള കരാര്‍ പ്രകാരം  തിരുവനന്തപുരം വിമാനത്താവളം ഇനി ‘അദാനി തിരുവനന്തപുരം ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്’ എന്ന കമ്പനിയുടേതാകും. കഴിഞ്ഞ ജനുവരിയിലാണ് കരാർ ഒപ്പിട്ടത്.  അതേസമയം നിയമപോരാട്ടം തുടരുമെന്ന് ആക്ഷന്‍ കൌണ്‍സില്‍ വ്യക്തമാക്കി.

അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീം കോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്. ഇത് നിലനില്‍ക്കെയാണ് വിമാനത്താവളം ഏറ്റെടുക്കുന്നത്. പ്രവര്‍ത്തനം പൂർണ്ണരീതിയിലാകുന്നതുവരെ ആറു മാസത്തേക്കെങ്കിലും നിലവിലെ താരിഫ് നിരക്ക് തുടരുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിലെ കരാറനുസരിച്ച് ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി നൽകണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുകയായിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. നിലവിലെ ജീവനക്കാരെ മൂന്ന് വർഷത്തേക്ക് ഡെപ്യൂട്ടേഷനിലെടുക്കാനാണ് അദാനി ഗ്രൂപ്പ് തീരുമാനം. എന്നാല്‍ ഒരു വിഭാഗം ജീവനക്കാർക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവന്നേക്കും. വിമാനത്താവള വികസന അതോറിറ്റി തുടരാനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക ഉത്തേജന നയപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പും പരിപാലന ചുമതലയും അടുത്ത 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിനായിരിക്കും. സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്‍റിൽ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടില്ലെങ്കിലും തടസമുണ്ടാകില്ലെന്നാണ് അദാനി ഗ്രൂപ്പിന്‍റെ വിലയിരുത്തല്‍. അതേസമയം നിയമപോരാട്ടം തുടരാനാണ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനം.