
കേരളം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുന്നത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ അതിക്രമിച്ചു കയറി യുവനടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നാണ് കേസ്. കഴിഞ്ഞ 2018 മാര്‍ച്ച് 8-നാണ് കേസില്‍ വിചാരണ ആരംഭിച്ചത്.
കേസിലെ മുഖ്യപ്രതിയായ പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനി ഉള്‍പ്പെടെ 10 പ്രതികളാണ് ഉള്ളത്. സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരി 17-ന് സിനിമാ ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന നടി, ആലുവ അത്താണിയില്‍ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നു. നടി സഞ്ചരിച്ച എസ്.യു.വിയില്‍ മുഖ്യപ്രതി പള്‍സര്‍ സുനി ഓടിച്ച ടെമ്പോ ട്രാവലര്‍ ഇടിക്കുകയും, തുടര്‍ന്ന് സുനി വാഹനത്തില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് പ്രോസിക്യൂഷന്റെ കേസ്.
സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ നടന്‍ ദിലീപിന് 2017 ഒക്ടോബര്‍ മൂന്നിനാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. കേസില്‍ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി (രണ്ടാം പ്രതി), ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ്, ചാര്‍ലി തോമസ്, ദിലീപ്, സനില്‍കുമാര്‍ എന്നിവരാണ് പ്രധാന പ്രതിപ്പട്ടികയിലുള്ളത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന വിഷ്ണുവിനെ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. നീണ്ട വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കും വാദങ്ങള്‍ക്കും ശേഷമാണ് കേസില്‍ നാളെ വിധി വരുന്നത്.