നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കപ്പെട്ടത് ഒരു അഭിഭാഷകനിലേക്ക് അന്വേഷണം എത്തിയപ്പോള്‍; ടി.പി വധക്കേസിന്‍റെ പ്രത്യുപകാരമെന്ന് കെ.കെ രമ എംഎല്‍എ

വടകര: നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാരിനെതിരെ ആരോപണവുമായി കെ.കെ രമ എംഎല്‍എ. ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിച്ച് സർക്കാർ സ്വന്തക്കാരെ രക്ഷിക്കുകയാണെന്ന് കെ.കെ. രമ ആരോപിച്ചു. ടി.പി വധക്കേസ് പ്രതികളുടെ വക്കീലായിരുന്ന ആളിലേക്ക് എത്തിയപ്പോഴാണ് ആഭ്യന്തരവകുപ്പ് കേസ് അട്ടിമറിക്കാന്‍ തുടങ്ങിയതെന്നും രമ വടകരയില്‍ പറഞ്ഞു.

ടി.പി വധക്കേസിൽ കൊടി സുനി, കിർമാണി മനോജ്, എം.സി അനൂപ് എന്നിവർക്കുവേണ്ടി വാദിച്ചത് ഇതേ അഭിഭാഷകനാണ്. നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാനും ഫോൺകോൾ രേഖകളടക്കം നശിപ്പിക്കാനും ഈ അഭിഭാഷകൻ കൂട്ടുനിന്നുവെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തുകയും ഇദ്ദേഹത്തെ ചോദ്യംചെയ്യാൻ തീരുമാനിക്കുകയും ചെയ്തപ്പോഴാണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റുന്ന നടപടിയിലേക്ക് സർക്കാർ എത്തിയത്. ഇയാള്‍ പ്രതിയായാല്‍  സിപിഎമ്മിന്‍റെ പല കള്ളക്കളികളും വെളിച്ചത്താകുമെന്ന ഭയമാണ് ഇതിനു കാരണമെന്നും രമ ആരോപിച്ചു. നടിക്ക്‌ നീതി ലഭിക്കുംവരെ ശക്തമായി രംഗത്തുണ്ടാവുമെന്നും കെ.കെ രമ എംഎല്‍എ വ്യക്തമാക്കി.

Comments (0)
Add Comment