ചലച്ചിത്ര താരം ശശി കലിംഗ അന്തരിച്ചു

Jaihind News Bureau
Tuesday, April 7, 2020

ചലച്ചിത്ര താരം ശശി കലിംഗ അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു.

വി. ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മലയാള നാടകവേദിയില്‍ നിന്നും ചലച്ചിത്ര ലോകത്തേക്ക് എത്തപ്പെട്ട താരമാണ് അദ്ദേഹം. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. അഞ്ഞൂറിലധികം നാടകങ്ങളിൽ അഭിനയിച്ചു. നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്. 1998ലാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ‘തകരച്ചെണ്ട’യെന്ന സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന്, അവസരങ്ങള്‍ ലഭിക്കാതെവന്നപ്പോള്‍ നാടകത്തിലേക്ക് മടങ്ങിയെങ്കിലും പാലേരിമാണിക്യത്തിലൂടെയുള്ള രണ്ടാംവരവിന് ശേഷം നിരവധി അവസരങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്.

1961ല്‍ കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരിയുടെയും മകനായി ജനിച്ച ചന്ദ്രകുമാർ 1979ല്‍ ഇരുപതു രൂപ പ്രതിഫലത്തോടെ ആദ്യനാടകത്തില്‍ അരങ്ങേറിയാണ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പ്രഭാവതിയാണ് ഭാര്യ.