നടന്‍ ജോണ്‍ അബ്രഹാം ആദ്യമായി മലയാള സിനിമാ നിര്‍മാണത്തിലേക്ക്; നായകന്‍ ദുബായിലെ മലയാളി എഞ്ചിനീയര്‍ രഞ്ജിത്ത് സജീവ്; ചിത്രീകരണം ആരംഭിച്ചു

Elvis Chummar
Thursday, October 21, 2021

ദുബായ് : ബോളിവുഡ് നടന്‍ ജോണ്‍ ഏബ്രഹാം എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ആദ്യ മലയാള സിനിമയായ മൈക്കിന്‍റെ ചിത്രീകരണം ആരംഭിച്ചു. ദുബായിലെ മലയാളി യുവ സിവില്‍ എഞ്ചിനീയറായ രഞ്ജിത്ത് സജീവ് എന്ന പുതുമുഖമാണ് സിനിമയിലെ നായകന്‍. രഞ്ജിത്തിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്ന ആദ്യ സിനിമ കൂടിയാണ് ഇത്.

വിഷ്ണു ശിവപ്രസാദ് സംവിധായകനാകുന്ന ചിത്രത്തിലൂടെ ജോണ്‍ ഏബ്രഹാം എന്‍റര്‍ടെന്‍മെന്‍റ് മലയാള സിനിമാ നിര്‍മാണത്തിലേക്ക് കാലെടുത്തുവെക്കുന്നു. മൈസൂര്‍, കട്ടപ്പന, വൈക്കം, ധരംശാല തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം. ദുബായിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എഞ്ചിനീയറിംഗും ന്യൂയോര്‍ക്കിലെ ഫിലിം അക്കാദമിയില്‍ നിന്ന് അഭിനയ പഠനവും പൂര്‍ത്തീയാക്കിയാണ് രഞ്ജിത്ത് സജീവ് സിനിമയിലെത്തുന്നത്. രഞ്ജിത്ത് എന്ന പുതുമുഖ പ്രതിഭക്കൊപ്പം അനശ്വരാ രാജന്‍ ( തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍) ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം, സിനി ഏബ്രഹാം എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്‍റെ കഥ ആഷിഖ് അക്ബര്‍ അലിയുടേതാണ്. രണദീവെ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എഡിറ്റര്‍ – വിവേക് ഹര്‍ഷന്‍. രഥന്‍ ആണ് ചിത്രത്തിന്‍റെ സംഗീതസംവിധായകന്‍. കലാസംവിധാനം – രഞ്ജിത് കൊതേരി, മേക്കപ്പ് – റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം – സോണിയ സാന്‍ഡിയാവോ. ഡേവിസണ്‍ സിജെ ആണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ബോളിവുഡ് നടന്‍ ജോണ്‍ അബ്രഹാം തന്നെ നേരിട്ടാണ് സിനിമയുടെ പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.