ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു

Jaihind Webdesk
Monday, September 17, 2018

കൊച്ചി: നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു. 68 വയസായിരുന്നു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

1981ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രക്തം ആണ് ക്യാപ്റ്റന്‍ രാജുവിന്‍റെ ആദ്യ ചിത്രം. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചു. 1991ല്‍ റിലീസ് ചെയ്ത കോട്ടണ്‍ മേരി (Cotton Mary) ആണ് അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് ചിത്രം. രാമിജി രാജ് എന്ന് പോലീസുദ്യോഗസ്ഥനായാണ് ക്യാപ്റ്റന്‍ രാജു അതില്‍ വേഷമിട്ടത്.

അഞ്ഞൂറിലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. നായകനായും സ്വഭാവനടനായും വില്ലനായും വേഷമിട്ടു. രതിലയം എന്ന ചിത്രത്തിലാണ് നായകപ്രാധാന്യമുള്ള വേഷം ആദ്യമായി ചെയ്തത്.

അധ്യാപകരായ കെ.ജി ഡാനിയേല്‍-അന്നമ്മ ദമ്പതികളുടെ മകനായി 1950ല്‍ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിലായിരുന്നു ജനനം. ഓമല്ലൂര്‍ യു.പി സ്കൂള്‍, എന്‍.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലായിരുന്നു ഡിഗ്രി പഠനം. ബിരുദപഠനത്തിന് ശേഷം 21-ാം വയസില്‍ പട്ടാളത്തില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് ക്യാപ്റ്റന്‍ പദവിയിലേക്കുയര്‍ന്നു. 5 വര്‍ഷത്തെ സൈനികജീവിതത്തിന് ശേഷം മുംബൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തു. പിന്നീട് സിനിമാമോഹങ്ങളുടെ പിന്നാലെ തിരിച്ച ക്യാപ്റ്റന്‍ മുംബൈയിലെ നാടക ട്രൂപ്പുകളില്‍ തന്‍റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചു.

നാടോടിക്കാറ്റിലെ പവനായി എന്ന കഥാപാത്രമായാണ് ക്യാപ്റ്റന്‍ രാജുവിന്‍റെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട കഥാപാത്രം. 1989 ല്‍ ഹരിഹരന്‍റെ സംവിധാനത്തില്‍പുറത്തിറങ്ങിയ ഒരു വടക്കന്‍വീരഗാഥയിലെ അരിങ്ങോടര്‍ അദ്ദേഹത്തിന്‍റെ ശക്തമായ കഥാപാത്രമായിരുന്നു. 2009ല്‍ ഹരിഹരന്‍റെ തന്നെ സംവിധാനത്തില്‍ ഒരുങ്ങിയ പഴശിരാജയിലും ക്യാപ്റ്റന്‍ രാജു വേഷമിട്ടു. 2017ല്‍ പുറത്തിറങ്ങിയ മാസ്റ്റര്‍പീസ് ആയിരുന്നു അവസാന ചിത്രം.