ക്യാപ്റ്റന് കലാകേരളത്തിന്‍റെ സല്യൂട്ട്

Jaihind Webdesk
Monday, September 17, 2018

അന്തരിച്ച അഭിനേതാവ് ക്യാപ്റ്റൻ രാജുവിന് കലാകേരളത്തിന്റെ ഹൃദയത്തിൽ നിന്നുള്ള സല്യൂട്ട്. കരസേനയിൽ നിന്ന് കലാലോകത്തെത്തി തന്റേതായ ഇരിപ്പിടം സൃഷ്ടിച്ച ക്യാപ്റ്റൻ മടങ്ങുന്നത് ആസ്വാദകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിക്കൊണ്ടാണ്. കലാലോകത്തിനകത്തും പുറത്തും നിന്ന് നിരവധി പ്രമുഖരാണ് ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുള്ളത്. രാജു ഡാനിയേലെന്ന കരസേന ഉദ്യോഗസ്ഥൻ സിനിമയിലെത്തിയത് മുംബൈയിലെ നാടകവേദിയിൽ നിന്നാണ്. ജോഷി സംവിധാനം നിർവഹിച്ച രക്തമെന്ന ചിത്രത്തിലെ പരുക്കനായ വില്ലന് ജീവൻ നൽകിക്കൊണ്ട് തുടങ്ങിയ കലാസപര്യയാണ് ഇന്ന് രാവിലെ ഒമ്പതോടെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.

പരുക്കനായ വില്ലൻ കഥാപാത്രങ്ങൾക്ക് പുറത്ത് സൗമ്യ വ്യക്തിത്വത്തിനുടമയായിരുന്നു ക്യാപ്റ്റൻ രാജു. തന്റെ വില്ലൻ വേഷങ്ങൾ സമൂഹം അപ്പാടെ ഏറ്റെടുത്തപ്പോൾ അതിലേക്ക് ഒതുങ്ങിയ രാജു പിന്നീട് അമ്മയുടെ മരണശേഷമാണ് സ്വഭാവനടനാകുന്നത്. ആഗസ്റ്റ് ഒന്നിലെ പേരില്ലാത്ത വില്ലൻ കഥാപാത്രം ഒരുകാലത്ത് കേരളത്തിന്റെ ആസ്വാദകമനസിൽ നിറഞ്ഞു നിന്നിരുന്നു. മുഖ്യമന്ത്രിയെ വധിക്കാനെത്തുന്ന വാടകകൊലയാളിയായ രാജുവിന്റെ കഥാപാത്രത്തിന് പ്രത്യേകമായി ഒരു പേര് സിനിമയിൽ നിർദേശിച്ചിരുന്നില്ല. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ആഗസ്റ്റ് ഒന്നിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും അതേ കഥാപാത്രം തന്നെയാണ്. പിന്നീട് പട്ടണപ്രവേശമെന്ന സത്യൻ അന്തിക്കാടിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രത്തിൽ വില്ലനായി എത്തിയ പവനായി ആസ്വാദകവൃന്ദത്തെ കുടുകുടെ ചിരിപ്പിച്ചു. അതിഥി വേഷത്തിലെത്തിയ വാടകക്കൊലയാളിയായ പവനായി ഇന്നും ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. സമൂഹമാധ്യമ കൂട്ടായ്മകളുടെ കാലത്തും പവനായി ട്രോളുകളിലൂടെ ജീവിക്കുന്നുവെന്നതാണ് യാഥാർഥ്യം.

അരിങ്ങോടരായി ക്യാപ്റ്റന്‍ രാജു

അഭിനയത്തികവിന്റെ കരുത്തുകാട്ടിയ വടക്കൻ വീരഗാഥയിലെ അരിങ്ങോടരെയും പ്രേക്ഷകർ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ആനയെ മയക്കുന്ന മായം തിരിപ്പുള്ള ചേകവന്റെ അഭിനയം കണ്ട് മതിമറന്ന മലയാളികൾ ചിത്രത്തിനൊപ്പം അരിങ്ങോടരെയും നെഞ്ചിലേറ്റിയാണ് തിയേറ്റർ വിട്ടത്. 20 വർഷത്തിനിപ്പുറം ഹരിഹരൻ- എം.ടി കൂട്ടുകെട്ടിൽ പിറന്ന പഴശ്ശിരാജയെന്ന ചിത്രത്തിലും ഉണ്ണിമൂത്തയായി വേഷമിട്ട ക്യാപ്റ്റൻ അഭിനയലോകത്ത് തന്റെ സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ലെന്ന് വിളിച്ചു പറയുകയായിരുന്നു. ആവനാഴിയിലെ വില്ലൻ കഥാപാത്രമായ സത്യരാജിനെയും ആർക്കും മറക്കാനാവില്ല. നിരവധി വില്ലൻ കഥാപാത്രങ്ങൾ ജനശ്രദ്ധ നേടുമ്പോഴും വ്യക്തിപരമായി അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതിൽ ക്യാപ്റ്റൻ അസ്വസ്ഥത പ്രകടമാക്കിയിരുന്നു. ഒട്ടനവധി വില്ലൻ കഥാപാത്രങ്ങൾ അഭ്രപാളിയിലൂടെ അനശ്വരമാക്കിയ തനിക്ക് സമൂഹത്തിലെ പല തുറകളിൽ നിന്നും അകൽച്ച നേരിടേണ്ടി വന്നുവെന്ന വിലയിരുത്തൽ അദ്ദേഹത്തിനുണ്ടായിരുന്നു.

2003-ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ സി.ഐ.ഡി മൂസയിലെ കഥാപാത്രം ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച് അവതരിപ്പിക്കപ്പെട്ടിട്ടും രാജുവിനെ തേടി അത്തരം കഥാപാത്രങ്ങളൊന്നും പിന്നീടെത്തിയില്ല. അനവധി വില്ലൻ വേഷങ്ങൾക്ക് ജീവൻ പകർന്ന അദ്ദേഹം മനസിൽ തങ്ങി നിൽക്കുന്ന പൊലീസ് വേഷങ്ങളും അവതരിപ്പിച്ചു. തന്റെ സിനിമാ ജീവിതത്തിനിടയിൽ ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി 99.99 എന്നീ രണ്ട് ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ച അദ്ദേഹം ഏറെനാളായി അസുഖബാധിതനായിരുന്നു.

മലയാള സിനിമാ ചരിത്രത്തിൽ ആകസ്മികമായി എത്തിപ്പെട്ട രാജു ഡാനിയേലെന്ന ക്യാപ്റ്റൻ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻമാരിൽ ഒരാളായിരുന്നു. വില്ലനായും സ്വഭാവനടനായും തിളങ്ങിയ രാജു വിടവാങ്ങുമ്പോൾ കരുത്തനായ നടന്റെ അസാന്നിധ്യമാവും മലയാള സിനിമാലോകത്തിന് അനുഭവപ്പെടുക.