തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടുകള്‍ വെട്ടിക്കുറച്ച നടപടി; ഇടതുസർക്കാരിനെതിരെ യുഡിഎഫ് ധർണ്ണയില്‍ പ്രതിഷേധമിരമ്പി

Jaihind Webdesk
Tuesday, July 19, 2022

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുകൾ വെട്ടിക്കുറച്ച ഇടതുസർക്കാർ നടപടിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധമിരമ്പി. ത്രിതല പഞ്ചായത്ത്‌ അംഗങ്ങളുടെയും മുനിസിപ്പൽ കൗൺസിലർമാരുടെയും സെക്രട്ടേറിയറ്റ് ധർണ്ണ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും വലിയ അടയാളമാണ് പദ്ധതി വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ശ്വാസം മുട്ടിക്കുന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വ്യത്യസ്തവും വിചിത്രവുമായ ഉത്തരവിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അധികാര വികേന്ദ്രീകരണത്തിന്‍റെ അന്തസത്ത ഇല്ലാതാക്കുന്നതാണ് സർക്കാരിന്‍റെ നടപടി.

2022-23 ബജറ്റിന്‍റെ അനുബന്ധത്തിലാണ് ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി വിഹിതം വകയിരുത്തിയിരിക്കുന്നത്. നിയമസഭ പാസാക്കിയ ബജറ്റിന് വിരുദ്ധമായി 2021-22 ലെ ബജറ്റില്‍ വകയിരുത്തിയ തുക ഉപയോഗിച്ച് പദ്ധതി ഉണ്ടാക്കണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇത് നിയമസഭയെ അവഹേളിക്കുന്നതും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. റോഡുകളുടേത് ഉള്‍പ്പെടെയുള്ള മെയിന്‍റനന്‍സ് ഗ്രാന്‍റും വന്‍തോതില്‍ വെട്ടിക്കുറച്ചു.

ബജറ്റിലെ പദ്ധതി വിഹിതം നോക്കിയും ഗ്രാമസഭകള്‍ ചേര്‍ന്നും വികസന സെമിനാറുകള്‍ നടത്തിയുമാണ് തദ്ദേശ സ്ഥാപനങ്ങള്‍ വികസന പദ്ധതികള്‍ തയാറാക്കുന്നത്. എന്നാല്‍ അതിനെയെല്ലാം അട്ടിമറിക്കുകയാണ് സർക്കാർ ചെയ്യുന്നത്. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൂടി തദ്ദേശ സ്ഥാപനങ്ങളുടെ തലയില്‍ കെട്ടിവെക്കുന്ന സ്ഥിതിയാണ് സംജാതമാകുന്നത്. ഗ്രാമസഭകള്‍ക്കും വികസന സെമിനാറുകള്‍ക്കും പ്രസക്തി ഇല്ലാതായി മാറി. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരായ താക്കീതായി സെക്രട്ടേറിയറ്റിന് മുന്നിലെ യുഡിഎഫ് ധർണ്ണ.