തിരുവനന്തപുരം: ദേശീയപാതയില്‍ കായംകുളത്ത് ഉയരപ്പാത നിര്‍മിക്കണമെന്ന ജനകീയ ആവശ്യം ഉന്നയിച്ച് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീട് ആക്രമിച്ച പോലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പും വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയും നോക്കുകുത്തികളായി മാറിയതാണ് പോലീസിലെ ക്രിമിനലുകള്‍ക്ക് തലപൊക്കാന്‍ അവസരം നല്‍കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഏത് സിപിഎം നേതാവിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ ഗുണ്ടാപ്പണി ചെയ്തതെന്ന് പോലീസും വ്യക്തമാക്കണം. സിപിഎം നേതാക്കളുടെ ഗുണ്ടാസംഘമായി കേരളത്തിലെ പോലീസ് അധഃപതിക്കരുതെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേർത്തു.
ക്രിമിനലുകളായ പോലീസുകാരെ നിലയ്ക്ക് നിര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി ഇനിയെങ്കിലും തയാറാകണമെന്നും എക്കാലവും ഭരണകൂടത്തിന്‍റെ സംരക്ഷണയില്‍ കഴിയാമെന്ന് ക്രിമിനലുകളായ പോലീസുകാരും കരുതരുതെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. പുലര്‍ച്ചെ രണ്ടു മണിക്കാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഗുണ്ടാ- കൊട്ടേഷന്‍ സംഘങ്ങളെ പോലെ പോലീസ് അതിക്രമിച്ച് കയറിയത്. കായംകുളം നോര്‍ത്ത് മണ്ഡലം പ്രസിഡന്‍റ് റിയാസ് മുണ്ടകത്തില്‍, ഹാഷിം സേട്ട് ഉള്‍പ്പെടെയുള്ള നേതാക്കളുടെ വീടുകളിലാണ് ഈ ഗുണ്ടാ സംഘം എത്തിയതെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി.
സിവില്‍ വേഷത്തിലെത്തിയ പോലീസുകാര്‍ വീടിന്‍റെ വാതില്‍ ചവിട്ടിത്തുറന്ന് ഹാഷിം സേട്ടിനെ അറസ്റ്റു ചെയ്ത ശേഷം പോലീസ് വാഹനത്തില്‍ ഒരു മണിക്കൂറോളം നഗരം ചുറ്റി മര്‍ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ ആവശ്യത്തിന് വേണ്ടി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സമരപ്പന്തലിലെത്തി മര്‍ദ്ദിച്ചതിനു പിന്നാലെ പോലീസിനെ ആക്രമിച്ചെന്ന കള്ളക്കേസ് ചുമത്തിയാണ് വീട് കയറിയുള്ള ആക്രമണവും അറസ്റ്റും. ജനാധിപത്യ രാജ്യത്ത് സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും രാഷ്ട്രീയ സമരങ്ങളെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടാമെന്ന് പോലീസിലെ ക്രിമിനലുകള്‍ ഇനിയും കരുതരുതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
കായംകുളത്തെ അക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പോലീസ് ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി ആഹ്വാനം ചെയ്ത രക്ഷാപ്രവര്‍ത്തനം തുടരാനാണ് പോലീസിലെ ക്രിമിനലുകളും തീരുമാനിച്ചിരിക്കുന്നതെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഓര്‍മ്മിപ്പിക്കുന്നുവെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേർത്തു.