മുല്ലപ്പെരിയാർ: മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ട നടപടിയില്‍ പ്രതിഷേധവുമായി കേരളം

 

ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ ഉയര്‍ത്തിയതിനെതിരെ കേരളം. നടപടി ഗൗരവതരവും പ്രതിഷേധാര്‍ഹവുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അറിയിപ്പ് ലഭിക്കാന്‍ വൈകിയെന്നും ഒരു സര്‍ക്കാരില്‍നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

തമിഴ്നാട് സര്‍ക്കാരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കും. മേല്‍നോട്ട സമിതി ചേരണമെന്ന് ആവശ്യപ്പെടും. സുപ്രീം കോടതിയെയും ഇക്കാര്യം അറിയിക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. രാത്രിയോടെയാണ് മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകള്‍ തുറന്നത്. അര്‍ധരാത്രി പത്തു ഷട്ടറുകള്‍ തുറന്നതില്‍ ഒമ്പതും ഏഴു മണിയോടെ അടച്ചു. പിന്നീട് രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു. മുന്നറിയിപ്പില്ലാതെ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.

Comments (0)
Add Comment