വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം; പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം; പ്രതികരിക്കുന്ന വിദ്യാർത്ഥികള്‍ക്കെതിരെ കൗൺസിലർ ഉൾപ്പടെയുള്ള ഇടത് അനുകൂലികളുടെ ഭീഷണി

Jaihind News Bureau
Monday, November 25, 2019

ബത്തേരിയിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. പൊലീസ് പ്രതികളെ സംരക്ഷിക്കുന്നു എന്നും ആക്ഷേപം. സംഭവത്തിൽ പ്രതികരിക്കുന്ന വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നവർക്കെതിരെ പോക്സോ ചുമത്തണം എന്നും ആവശ്യം.

ഷഹല ഷെറിന്‍റെ മരണത്തിൽ 3 അധ്യാപകരും ഒരു ഡോക്ടറും ഉൾപ്പടെ 4 പേരാണ് പൊലീസ് പ്രതിപ്പട്ടികയിൽ ഉള്ളത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഇവർ 4 പേരും ഇപ്പോൾ ഒളിവിലാണ്. പ്രതികളെ അറസ്റ്റ് ചെയ്യാതെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ പൊലീസ് അവസരമുണ്ടാക്കുകയാണെന്ന ആരോപണം ശക്തമാണ്.

സ്കൂളിലെ അസൗകര്യങ്ങളെ കുറിച്ച്പറയുകയും വീഴ്ച വരുത്തിയവർക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് കൗൺസിലർ ഉൾപ്പടെയുള്ള ഇടത് അനുകൂലികൾ ചെയ്യുന്നത്. ഇവർക്കെതിരെ പോക്സോ ചുമത്തണമെന്ന് നാട്ടുകാർ പറയുന്നു.

പ്രതിപ്പട്ടികയിലുള്ള മൂന്ന് അധ്യാപകരും മുൻകൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്നാണ് സൂചന. അതേസമയം, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്യും.