കാലിക്കറ്റ് സർവകലാശാലയിലെ മാർക്ക്‌ ദാന വിവാദം: എസ്.എഫ്.ഐ മുൻ വനിതാ നേതാവിന് ചട്ടംലംഘിച്ച് മാർക്ക് ദാനം ചെയ്യാൻ വിസമ്മതിച്ച പ്രൊഫസർക്കെതിരെ അച്ചടക്ക നടപടി; തീരുമാനം സിൻഡിക്കേറ്റിന്‍റേത്

Jaihind News Bureau
Monday, July 6, 2020

എസ്.എഫ്.ഐ മുൻ വനിതാ നേതാവിന്  നിയമംലംഘിച്ച് മാർക്ക് ദാനം ചെയ്യാൻ വിസമ്മതിച്ച കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി  പ്രൊഫസർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ നീക്കം. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിന്‍റെതാണ് തീരുമാനം. കാലിക്കറ്റ് സർവകലാശാല വിമൻസ് സ്റ്റഡീസ് വകുപ്പിലെ പ്രൊഫസ്സർ Dr.മോളി കുരുവിളക്ക് എതിരെ  അച്ചടക്കനടപടി  കൈക്കൊള്ളുന്നത് സംബന്ധിച്ച ഉത്തരവ് സർവ്വകലാശാല പുറത്തിറക്കി. ഉത്തരവിന്‍റെ  പകർപ്പ് ജയ്‌ഹിന്ദ്‌  ന്യൂസിന് ലഭിച്ചു.

2009 ൽ M.A.പരീക്ഷ പാസ്സായ മുൻ എസ് എഫ് ഐ വനിതാ സംസ്ഥാന നേതാവിന്  പത്തുവർഷം  കഴിഞ്ഞ്  21 മാർക്ക് ദാനമായി നൽകിയ നടപടി ജയ്ഹിന്ദ് ന്യൂസ് പുറത്ത് കൊണ്ട് വന്നിരുന്നു. മാർക്ക്‌ ദാനം ചെയ്യാനുള്ള  2009 ലെ സിൻഡിക്കേറ്റ് സ്ഥിരം സമിതിയുടെ തീരുമാനം  നടപ്പിലാക്കുന്നതിന് പകരം അന്നത്തെ  വിസിയുടെ ശ്രദ്ധയിൽപ്പെടുത്തി മാർക്ക്‌ ദാനം  തടസ്സപ്പെടുത്തിയ   നടപടിയാണ് സർവകലാശാലയിലെ വിമൻസ് സ്റ്റഡീസ് വകുപ്പിലെ പ്രൊഫസ്സർക്കെതിരെ  ഇപ്പോൾ അച്ചടക്ക നടപടിക്ക്  സിൻഡിക്കേറ്റിനെ പ്രേരിപ്പിച്ചത്.

സർവകലാശാല റെഗുലേഷൻ മറികടന്ന് തീരുമാനമെടുക്കാൻ സിൻഡിക്കേറ്റ്  സമിതിക്ക് അധികാരം ഇല്ല എന്ന ഉറച്ച തീരുമാനമാണ്  വൈസ് ചാൻസലർ അന്ന്  കൈക്കൊണ്ടത്. പ്രൊഫസ്സർ മോളി കുരുവിളയെ വകുപ്പ് മേധാവി സ്ഥാനത്തുനിന്ന്  നീക്കി ജൂനിയറായ ഒരു അസിസ്റ്റന്‍റ്  പ്രൊഫസറെ  വകുപ്പ് മേധാവിയായി നിയമിച്ചശേഷമാണ് വനിതാ  നേതാവിന്‍റെ കൂടുതൽ മാർക്കിനുള്ള  പുതിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ മാർക്ക് ദാനം നടത്താൻ സിൻഡിക്കേറ്റ് കളമൊരുക്കിയത്. സർവകലാശാല റെഗുലേഷൻ പ്രകാരം 75 ശതമാനത്തിനു താഴെ ഹാജർ ഉള്ള വിദ്യാർത്ഥികൾക്ക് പൂജ്യം  മാർക്കിന് മാത്രമേ  അർഹതയുള്ളൂ. മതിയായ ഹാജർ ഇല്ലാത്തതുകൊണ്ട് വൈസ് ചാൻസലറുടെ പ്രത്യേക ഉത്തരവിന്റെ  അടിസ്ഥാനത്തിലാണ് വനിതാ നേതാവ് 2009 ൽ  പരീക്ഷയെഴുതിയത്. മാർക്ക് ദാനം ചെയ്ത നടപടി റദ്ദ് ചെയ്യണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ഗവർണറോട് ആവശ്യപ്പെട്ടു.

സർവകലാശാലകളുടെ അക്കാദമിക്ക് സ്വഭാവം ഇടത്പക്ഷ സർക്കാർ അട്ടിമറിക്കുകയാണെന്ന ആക്ഷേപം ശക്തമാവുകയാണ്.