കെഎസ് യു പരാതിയില്‍ നടപടിക്കൊരുങ്ങി എംവിഡി : ജോജു ജോർജിന്‍റെ ലൈസൻസ് റദ്ദാക്കിയേക്കും

ഇടുക്കി: വാഗമണിൽ അപകടരമായി വാഹനമോടിച്ച നടന്‍ ജോജു ജോർജ്ജിനെതിരെ കെഎസ് യു സമർപ്പിച്ച പരാതിയില്‍ എംവിഡി നടപടിക്കൊരുങ്ങുന്നു.  ഓഫ് റോ‌ഡ് റേസ് നടത്തിയതില്‍  ജോജുവിന്‍റെ  ലൈസൻസ് റദ്ദാക്കുന്ന  നടപടികളിലേക്ക് കടക്കുകയാണ്  മോട്ടോർ വാഹന വകുപ്പ്. എംവിഡിക്ക് മുന്നില്‍ഹാജരായി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ജോജു ജോർജിന് നോട്ടീസും നൽകിയിരുന്നു. എന്നാൽ നടൻ ഹാജരാകാത്ത സാഹചര്യത്തില്‍ കാരണം കാണിക്കൽ നോട്ടീസ് അയച്ച ശേഷം ലൈസൻസ് റദ്ദാക്കുമെന്ന് ഇടുക്കി ആർ ഡി ഒ അറിയിച്ചു.

ഇടുക്കിയിൽ ഓഫ് റോഡ് റേസിന് ജില്ലാ കളക്ടർ ഏർപ്പെടുത്തിയ നിരോധനം മറികടന്ന് നിയമവിരുദ്ധമായി വണ്ടി ഓടിച്ചതിനാണ് നടനെതിരെ കേസെടുത്തത്. അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചതിന് കാരണം ഉണ്ടെങ്കില്‍ വിശദീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഈ മാസം പത്തിനാണ് നടന് നോട്ടീസ് അയച്ചത്.

ലൈസൻസും വാഹനത്തിന്റെ രേഖകളും സഹിതം ഹാജരാകണമെന്നായിരുന്നു നിർദേശം. ചൊവ്വാഴ്ച ഹാജരാകുമെന്ന് ജോജു അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. കെഎസ് യു ജില്ലാ പ്രസിഡന്‍റ് ടോണി തോമസിന്‍റെ പരാതിയിലാണ് കേസെടുത്തത്.

Comments (0)
Add Comment