തെരഞ്ഞെടുപ്പ് വീഴ്ച : എറണാകുളം സിപിഎമ്മില്‍ വെട്ടിനിരത്തൽ ; ജില്ലാ നേതാക്കളെ സസ്പെന്‍ഡ് ചെയ്തു

Jaihind Webdesk
Tuesday, September 28, 2021

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ചയിൽ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ വെട്ടിനിരത്തൽ. എൻ.സി മോഹനൻ, സി.കെ മണിശങ്കർ എന്നീ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ ഉൾപ്പടെ 12 പേരെ 1 വർഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജുവിനെ പുറത്താക്കാനും കോടിയേരി ബാലകൃഷ്ണന്‍, എ.വിജയരാഘവൻ എന്നിവർ പങ്കെടുത്ത ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കമ്മിറ്റിയിലേയും ഏരിയാ കമ്മിറ്റയിലേയും നേതാക്കൾക്കെതിരെ മുമ്പും നടപടിയെടുത്തിരുന്നു. എന്നാൽ എറണാകുളം ജില്ലയിലെ നേതാക്കള്‍ക്കെതിരെ എടുത്ത നടപടി കടുപ്പിക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിരുന്നു.

തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിലെ പരാജയത്തില്‍ നേതാക്കള്‍ക്കെതിരെ ജില്ലാ നേതൃത്വം കൈകൊണ്ട നടപടി പര്യാപ്തമല്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തല്‍. നേതാക്കള്‍ക്കെതിരെയെടുത്ത നടപടിയില്‍ അതൃപ്തി അറിയിച്ച സംസ്ഥാന നേതൃത്വം നടപടി അംഗീകരിച്ചിരുന്നില്ല. തുടർന്നാണ്ജില്ലാ നേതൃത്വത്തിന്റെ തീരുമാനം പരിശോധിച്ച് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.