ഇവിടെ അച്ഛാദിന്‍ ഇനിയും വന്നില്ല; മോദിയെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ്

Jaihind Webdesk
Wednesday, December 26, 2018

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്ന അച്ഛേദിന്‍ പ്രയോഗത്തെ ട്രോളി ബി.ജെ.പി നേതാവ് രംഗത്ത്. മോദിയെയും റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനുമാണ് ഇത്തവണ ട്രോളേറ്റുവാങ്ങാന്‍ വിധി. മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ പഞ്ചാബ് ആരോഗ്യമന്ത്രിയുമായ ലക്ഷ്മി കാന്ത ചൗളയാണ് ഇന്ത്യന്‍ റെയില്‍വേയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേയില്‍ അച്ഛേ ദിന്‍ വന്നിട്ടില്ലെന്ന് ഉറപ്പായിട്ടും പറയാമെന്ന് ലക്ഷ്മി കാന്ത കുറ്റപ്പെടുത്തി. അമൃത്സറില്‍ നിന്നും അയോധ്യയിലേക്ക് സരയു-യമുന എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ചൗള ട്രെയിനിന്റെ അകത്തു നിന്നും ചിത്രീകരിച്ച വീഡിയോയിലാണ് മോദിയുടെ അച്ഛേ ദിന്‍ പ്രയോഗത്തെ വിമര്‍ശിക്കുന്നത്.

ബുള്ളറ്റ് ട്രെയിനിനെ പറ്റി ആലോചിക്കുന്നത് നിര്‍ത്താനും നിലവില്‍ ഉള്ളതിനെ കൃത്യമായി നടത്താന്‍ ചൗള മോദിയോട് ആവശ്യപ്പെട്ടു. എ.സി ത്രീ ടയര്‍ കോച്ചില്‍ യാത്ര ചെയ്ത അവര്‍ ട്രെയിനില്‍ വെള്ളവും ഭക്ഷണവും ആവശ്യത്തിന് ലഭിച്ചില്ലെന്നും, ശുചിമുറി വൃത്തിഹീനമായി കിടക്കുകയായിരുന്നെന്നും വിഡിയോയില്‍ പറയുന്നു.
ചൗള യാത്ര ചെയ്യാനിരുന്ന ട്രെയിന്‍ ഒമ്പത് മണിക്കൂര്‍ വൈകിയാണ് അയോധ്യയിലെത്തിയത്. അതിന്റെ അവസാന ലക്ഷ്യസ്ഥാനമായ ബിഹാറിലെ ജയ്‌നഗറിലെത്തിയത് 14 മണിക്കൂര്‍ വൈകിയാണ്. എന്നാല്‍ ട്രെയിന്‍ താമസിക്കാനുള്ള കാരണത്തെക്കുറിച്ചറിയാന്‍ റെയില്‍വേയില്‍ നല്‍കിയിട്ടുള്ള നമ്പറുകളിലേക്ക് വിളിച്ചപ്പോള്‍ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു.