POLICE ATTACK| പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയെന്ന് ആരോപണം; ഗൃഹനാഥന് പൊലീസിന്റെ കടുത്ത ചൂരല്‍ പ്രയോഗം

Jaihind News Bureau
Sunday, July 6, 2025

മദ്യലഹരിയില്‍ പൊലീസ് സ്റ്റേഷനിലെത്തി ബഹളം ഉണ്ടാക്കിയെന്നാരോപിച്ച് ഗൃഹനാഥന് പൊലീസിന്റെ കടുത്ത ചൂരല്‍ പ്രയോഗം. കടയ്ക്കല്‍ നെടുമ്പാറവിള വീട്ടില്‍ ബി സുനില്‍കുമാറിന് (53) ആണ് ക്രൂര മര്‍ദ്ദനമേറ്റത്. ചൂരല്‍ കൊണ്ടുള്ള അടിയേറ്റ് കാലിന്റെ തുട മുതല്‍ പാദം വരെ പൊട്ടി രക്തം വാര്‍ന്ന നിലയിലായിരുന്നു.

കഴിഞ്ഞ രാത്രിയാണ് സംഭവം. മദ്യപിച്ചെത്തി സ്റ്റേഷനില്‍ ബഹളമുണ്ടാക്കി വനിതാ സിവില്‍ പൊലീസ് ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എഎസ്‌ഐ, വനിതാ സിവില്‍ പൊലീസ്, മറ്റൊരു സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നു സുനില്‍കുമാര്‍ പറയുന്നു. കാരണമില്ലാതെയാണ് മര്‍ദിച്ചതെന്നാണ് സുനില്‍കുമാര്‍ ആരോപിക്കുന്നത്. പരിക്കേറ്റ് ആശപത്രിയിലെത്തിയപ്പോള്‍ അവിടെയെത്തിയ പൊലീസ് വീണ്ടും മര്‍ദിച്ചതായും ഇയാള്‍ ആരോപിച്ചു. സുനില്‍ കുമാറിന്റെ ഫോണും നഷ്ടപ്പെട്ടു.

അതേസമയം വനിതാ സിവില്‍ പൊലീസ് ഓഫീസറില്‍ നിന്ന് വിവരം ശേഖരിച്ച് സുനില്‍ കുമാറിനതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. തന്നെ കാരണമില്ലാതെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതായി സുനില്‍ കുമാര്‍ പറഞ്ഞു.