തിരുവനന്തപുരത്തെ ക്വാറി ഉടമയുടെ കൊലപാതകം; രണ്ടാം പ്രതി അറസ്റ്റില്‍

Jaihind Webdesk
Monday, July 1, 2024

 

തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയില്‍. ഒളിവിലായിരുന്ന രണ്ടാം പ്രതി സുനിൽ കുമാറാണ് പിടിയിലായത്. ഇന്നലെ രാത്രിയോടെ പാറശാലയിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മുംബൈയിലേക്ക് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ തമിഴ്നാട് പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞദിവസം സുനിൽകുമാറിന്‍റെ കാർ കന്യാകുമാരിയിലെ കുലശേഖരത്ത് റോഡിൽ ഉപേക്ഷിച്ച നിലയിൽ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഒളിവിലുള്ള സുനിൽകുമാറിനായി പോലീസ് അന്വേഷണം ഊർജ്ജമാക്കിയത്. ദീപുവിനെ കഴുത്തറുത്തു കൊന്ന അമ്പിളിയുടെ സുഹൃത്താണ് സുനിൽ. ദീപുവിനെ കൊല്ലാൻ ആയുധങ്ങൾ അമ്പിളിയ്ക്ക് വാങ്ങി നൽകിയത് സുനിലാണെന്നാണ് പോലീസിന്‍റെ നിഗമനം. പാറശാലയിലും നെയ്യാറ്റിൻകരയിലും സർജിക്കൽ മെഡിക്കൽ സ്ഥാപനം നടത്തുന്നയാളാണ് സുനില്‍. കൊലപാതകത്തിനായി അമ്പിളിയെ കളിയിക്കാവിളയിൽ കൊണ്ടുവിട്ടത് സുനിലാണ്.