മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ചു: എം.പി.മാരുടെ പ്രവർത്തനത്തിൽ നാളെത്തന്നെ സംവാദത്തിന് തയ്യാർ – കെ.സി. വേണുഗോപാൽ.

Jaihind News Bureau
Sunday, December 7, 2025

കേരളത്തിലെ എം.പി.മാരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സംവാദം നടത്താമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും, സംവാദം നാളെത്തന്നെ നടത്താന്‍ താന്‍ തയ്യാറാണ് എന്നും അദ്ദേഹം അറിയിച്ചു. സംവാദത്തിനുള്ള തീയതി മുഖ്യമന്ത്രിക്ക് നിശ്ചയിക്കാമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. ഇന്ന് കോഴിക്കോട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡര്‍’ പരിപാടിയിലാണ് കേരളത്തിലെ എം.പി.മാരുടെ പ്രവര്‍ത്തനത്തില്‍ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിക്കുകയും സമയവും സ്ഥലവും തീരുമാനിച്ചാല്‍ മതിയെന്ന് പറയുകയും ചെയ്തത്.

സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് യു.ഡി.എഫ്. എം.പി.മാര്‍ പോരാടുന്നതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. കേരളത്തിന് വേണ്ടിയുള്ള യു.ഡി.എഫ്. എം.പി.മാരുടെ പാര്‍ലമെന്റ് പ്രസംഗങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. അത് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. കേരള സര്‍ക്കാര്‍ താത്പര്യമെടുക്കാത്ത പല വിഷയങ്ങളിലും യു.ഡി.എഫ്. എം.പി.മാര്‍ ഇടപെട്ടിട്ടുണ്ട്. തീരദേശത്തിന്റെ പ്രശ്നങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുടെ ദുരിതങ്ങള്‍, വന്യജീവി ആക്രമണങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ യു.ഡി.എഫ്. എം.പി.മാര്‍ മുന്നിട്ടിറങ്ങി. സി.പി.എമ്മിന്റെ എം.പി.മാര്‍ ഈ വിഷയങ്ങളില്‍ എന്ത് ചെയ്തു എന്ന് മുഖ്യമന്ത്രി വിലയിരുത്തിയാല്‍ നന്നായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.