ആവേശംതീര്‍ത്ത് അബുദാബി ഫോര്‍മുല വണ്‍ കാറോട്ട മത്സരം ; റെഡ്ബുള്‍താരം വെര്‍സ്റ്റാപ്പെന്‍ ഒന്നാമന്‍

Jaihind News Bureau
Monday, December 14, 2020

ദുബായ് : അബുദാബിയില്‍ ആവേശംതീര്‍ത്ത ഫോര്‍മുല വണ്‍, കാറോട്ട മത്സരത്തിന് സമാപനമായി. തീപാറുന്ന പോരാട്ടത്തില്‍ റെഡ്ബുള്‍ താരം മാക്‌സ് വെര്‍സ്റ്റാപ്പെന്‍ ഒന്നാമനായി.

തുടര്‍ച്ചയായ 12-ആം വര്‍ഷമാണ് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിന് അബുദാബി ആതിഥ്യമരുളുന്നത്. യോഗ്യത റൗണ്ടിലെ മികച്ച പ്രകടനത്തേക്കാള്‍, മികവോടെയാണ്, ഈ  റെഡ്ബുള്‍ താരം കിരീടം ഉയര്‍ത്തിയത്. പരിശീലനപ്പറക്കലിനും യോഗ്യത മത്സരങ്ങള്‍ക്കും ശേഷമായിരുന്നു കലാശക്കൊട്ട്. അബുദാബി യാസ് മറീന സര്‍ക്യൂട്ടില്‍ , ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ ഹാട്രിക് കിരീടം ചൂടുമോ എന്ന ആരാധകര്‍ ഉറ്റുനോക്കി. ഒടുവില്‍ ആകാംക്ഷ വിഫലമായി. ലൂയിസ് ഹാമില്‍ട്ടണ് മൂന്നാംസ്ഥാനമാണ് ലഭിച്ചത്. എന്നാല്‍, മെഴ്‌സിഡസിന്‍റെ  താരമായ വാള്‍ട്ടെറി ബോട്ടാസ്, വന്‍ കുതിപ്പ് നടത്തി രണ്ടാമതെത്തി. പരിശീലന മത്സരത്തില്‍ ഹാമില്‍ട്ടന് പിന്നില്‍. ഒമ്പതാം സ്ഥാനത്തായിരുന്നു വാള്‍ട്ടെറി ബോട്ടാസ്.

കൊവിഡില്‍നിന്ന് മുക്തി നേടി എത്തിയ ഹാമില്‍ട്ടണും വെര്‍സ്റ്റാപ്പെനും തമ്മിലുള്ള പോരാട്ടത്തിന് ലോകം മുഴുവന്‍ അബുദബിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും, നിരാശയായിരുന്നു ഫലം. കഴിഞ്ഞ രണ്ടു സീസണിലും ജേതാവായ ഹാമില്‍ട്ടണ് ബഹ്‌റൈനില്‍ നടന്ന ഗ്രാന്‍ഡ് പ്രീക്കിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം , വേഗപ്പോരിന്‍റെ മത്സരം കാണാന്‍, മലയാളികള്‍ ഉള്‍പ്പടെ, 600ഓളം കൊവിഡ് മുന്നണി പോരാളികള്‍, യാസ് മറീന സര്‍ക്യൂട്ടിലെത്തിയത് ശ്രദ്ധേയമായി. കൊവിഡ് കാലത്ത്, പോരാട്ടത്തിനിറങ്ങിയവര്‍ക്കുള്ള, ആദരസൂചകമായാണ് ഇവര്‍ക്ക് കാറോട്ട മത്സരം കാണാന്‍ അവസരം ഒരുക്കിയത്. അടുത്തവര്‍ഷത്തെ ഫോര്‍മുല വണ്‍ സീസണിന്‍റെ ഗ്രാന്‍റ് ഫൈനല്‍ അബുദബിയിലാണ് നടക്കുക.