അബുദാബി അതിര്‍ത്തികളില്‍ നിയന്ത്രണം, പരിശോധന: പ്രവേശന വിലക്ക് നിയമം പ്രാബല്യത്തില്‍; ഇനി ഒരാഴ്ച നിയന്ത്രണം, യാത്രാ പെര്‍മിറ്റ് ലഭിക്കാന്‍ എന്ത് വേണം ?

B.S. Shiju
Tuesday, June 2, 2020

ദുബായ് / അബുദാബി : യുഎഇ തലസ്ഥാനമായ അബുദാബി എമിറേറ്റില്‍, പ്രഖ്യാപിച്ച ഒരാഴ്ചത്തെ പ്രവേശനവിലക്ക് നിയന്ത്രണം ചൊവാഴ്ച പ്രാബല്യത്തിലായി. ഇതോടെ, അബുദാബി എമിറേറ്റിന്റെ വിവിധ അതിര്‍ത്തികളില്‍ പൊലീസ് പരിശോധന ശക്തമാക്കി. പെര്‍മിറ്റ് ലഭിച്ച അവശ്യ സര്‍വീസുകളില്‍പ്പെട്ട വാഹനങ്ങള്‍ക്ക് മാത്രമേ യാത്രാ അനുമതിയുള്ളൂ. ഇതോടെ, രാവിലെ ചില സ്ഥലങ്ങളില്‍ വാഹനങ്ങളുടെ തിരക്ക് കൂടി.

കൊവിഡ് വ്യാപനം തടയാനുള്ള കൂടുതല്‍ കടുത്ത ജാഗ്രത നടപടികളുടെ ഭാഗമായാണ് അബുദാബിയുടെ ഈ തീരുമാനം. ഇതനുസരിച്ച്, അബുദാബി എമിറേറ്റില്‍ നിന്ന് പുറത്തേക്കും മറ്റു നഗരങ്ങളില്‍ നിന്ന് അകത്തേക്കും യാത്ര അനുവദിക്കുന്നില്ല. അബുദാബി ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടെ നേതൃത്വത്തിലാണിത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. അബുദാബി എമിറേറിലെ മേഖലകളായ അല്‍ ഐന്‍, അല്‍ ദഫ്റ എന്നിവയ്ക്കും , അബുദാബി മേഖലകള്‍ക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നതിനും വിലക്ക് ബാധകമാണ്. അവശ്യമേഖലയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍, സ്വകാര്യമേഖലാ ജീവനക്കാരെ കടുത്ത നിയന്ത്രണങ്ങളോടെ ഇതില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, ആഭ്യന്തര മന്ത്രാലയത്തിന്റെ യാത്രാ അനുമതി പെര്‍മിറ്റ് ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ അമര്‍ത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീയാക്കണം.

https://portal.moi.gov.ae/eservices/PolicingServices/Movement/IssuePermit.aspx?Culture=en&fbclid=IwAR3cV4-Z5vcJBWwBu9zcT0swpdUKAObbX-gjFiXBHcCdrfSPKrPla5N6E7g

എന്നാല്‍, അബുദാബി പൊലീസിന്റെ യാത്രാ പെര്‍മിറ്റിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യണം.
https://es.adpolice.gov.ae/en/movepermit