ഗർഭച്ഛിദ്രം സ്ത്രീകളുടെ അവകാശം, വിവാഹനില ബാധകമല്ല; സുപ്രധാന വിധിയുമായി സുപ്രീം കോടതി

Jaihind Webdesk
Thursday, September 29, 2022

ന്യൂഡല്‍ഹി: ഗര്‍ഭിണികളായ എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതമായ ഗര്‍ഭച്ഛിദ്രത്തിന് നിയമപരമായ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ വിവാഹിതര്‍, അവിവാഹിതര്‍ എന്ന വേര്‍തിരിവ് ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗര്‍ഭഛിദ്ര കേസുകളില്‍ ഭര്‍ത്താവിന്‍റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നും സുപ്രധാനമായ നിരീക്ഷണവും കോടതി നടത്തി. ഭര്‍ത്താവിന്‍റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണികളാവുന്ന സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അവകാശം ഉണ്ടെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്‌ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് (എംടിപി) പരിധിയിൽ നിന്ന് അവിവാഹിതരായ സ്ത്രീകളെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി. അവിവാഹിതർക്കും ഗർഭച്ഛിദ്രത്തിന് അവകാശമുണ്ടെന്നും സുരക്ഷിതവും നിയമപരവുമായ ഗർഭച്ഛിദ്രത്തിന് വൈവാഹിക നില പരിഗണിക്കേണ്ടതില്ലെന്നും കോടതി ഉത്തരവിട്ടു. 2021 ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഗര്‍ഭച്ഛിദ്ര ചട്ടങ്ങളില്‍ വിവാഹിതര്‍, അവിവാഹിതര്‍ എന്ന വേര്‍തിരിവ് നടത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചട്ടങ്ങളില്‍ വിവാഹിതയായ സ്ത്രീക്ക് മാത്രമേ ഗര്‍ഭച്ഛിദ്രത്തിന് അവകാശമുള്ളൂ എന്ന് പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഗര്‍ഭച്ഛിദ്രം നടത്തണമോയെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് മാത്രമാണ്. അവിവാഹിതയായ സ്ത്രീക്ക് ഗര്‍ഭച്ഛിദ്രം നിഷേധിക്കുന്നത് വിവാഹത്തിലൂടെ മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂവെന്ന യാഥാസ്ഥിതിക പൊതുബോധം ഊട്ടിയുറപ്പിക്കുന്നതാണ്. ഇത് ഭരണഘടനാപരമല്ല. പ്രത്യുത്പാദനത്തിനുള്ള സ്വയം നിര്‍ണയാധികാരം വിവാഹിതയല്ലാത്ത സ്ത്രീക്കും ഭരണഘടന നല്‍കുന്നുണ്ടെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു.

ഗര്‍ഭച്ഛിദ്ര ചട്ടങ്ങള്‍ പ്രകാരം ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ സ്ത്രീക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാം. ഭര്‍ത്താവ് നടത്തിയ ലൈംഗിക പീഡനവും ഈ നിയമപ്രകാരം ബലാത്സംഗമായി കണക്കാക്കി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്ന് വിധി വ്യക്തമാക്കുന്നു. ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി 24 ആഴ്ച ഗര്‍ഭിണിയായ അവിവാഹിതയായ സ്ത്രീ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. വിവാഹിതയല്ലെന്ന കാരണത്താല്‍ ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചിരുന്നു. അത്തരത്തില്‍ അനുമതി നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ, ജെ.ബി പര്‍ഡിവാല എന്നിവര്‍ അടങ്ങിയ ബെഞ്ച് വിധിച്ചു.

ഇന്ത്യയിൽ ഐപിസി 312, 313 വകുപ്പുകൾ പ്രകാരം സ്ത്രീയുടെ ജീവൻ രക്ഷിക്കേണ്ട സാഹചര്യങ്ങളിലല്ലാതെ ഗർഭമലസിപ്പിക്കാൻ അറിഞ്ഞുകൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങൾ കുറ്റകൃത്യമായാണ് കാണുന്നത്. 312–ാം വകുപ്പ് പ്രകാരം, കുഞ്ഞിന് ചലനശേഷി വന്നിട്ടുണ്ടെങ്കിൽ ഏഴു വർഷവും അല്ലെങ്കിൽ മൂന്നു വർഷവും തടവു ശിക്ഷ ലഭിക്കാം. 313–ാം വകുപ്പ് പ്രകാരം സ്ത്രീയുടെ സമ്മതം ഇല്ലാതെയുള്ള ഗർഭം അലസിപ്പിക്കൽ 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണ്. സുരക്ഷിതമല്ലാത്ത ഗർഭമലസിപ്പിക്കൽ രാജ്യത്ത് വർധിക്കുകയും മാതൃമരണനിരക്ക് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യയിൽ ശാന്തിശാൽ ഷാ കമ്മിറ്റിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ 1971 ൽ ദ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് നിലവിൽ വന്നത്. വിവാഹിതരായ സ്ത്രീകൾക്ക് മാത്രം ഗർഭച്ഛിദ്രത്തിന് നിയമപരമായി പിന്തുണ നൽകുന്നതായിരുന്നു ഈ നിയമം. 1971ലെ നിയമപ്രകാരം ഗർഭം 20 ആഴ്ച പിന്നിടുന്നത് വരെയായിരുന്നു ഗർഭച്ഛിദ്രത്തിന് അനുമതി. 2021 ലെ നിയമ ഭേദഗതിയിലൂടെ ഇത് 24 ആഴ്ചയായി ഉയർത്തി. ഗർഭസ്ഥ ശിശുവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയാൽ 24 ആഴ്ചയ്ക്കു ശേഷവും ഗർഭച്ഛിദ്രം ഇന്ത്യയില്‍ നിയമവിധേയമാണ്.

എന്നാൽ 2021 ലെ ഭേദഗതിയിലൂടെ ലൈംഗിക ചൂഷണങ്ങളുടെയും ബലാത്സംഗത്തിന്റെയും അടുത്ത ബന്ധുക്കളിൽ നിന്നുള്ള പീഡനത്തിന്റെയും ഇരകൾ, ‌‌‌‌‌പ്രായപൂർത്തിയാകാത്തവർ, ഗർഭ കാലഘട്ടത്തിൽ ഭർത്താവു മരിക്കുകയോ വിവാഹമോചിതരാകുകയോ ചെയ്തവർ, ഭിന്നശേഷിയുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, യുദ്ധം, പ്രകൃതി ദുരന്തം പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ അകപ്പെട്ടവർ എന്നിവർക്കെല്ലാം ഗർഭച്ഛിദ്രത്തിന് അർഹതയുണ്ട്.

ഗർഭച്ഛിദ്രത്തിന് സമീപിക്കുന്ന വ്യക്തി വിവാഹിതയായിരിക്കണം എന്ന നിർബന്ധം പുതിയ ഭേദഗതിയിൽ ഒഴിവാക്കിയിരുന്നു. വിവാഹിതരായ സ്ത്രീകളുടെ കാര്യത്തിൽ ഗർഭച്ഛിദ്രത്തിന് പങ്കാളിയുടെ അനുമതി തേടേണ്ട കാര്യവുമില്ല. പെണ്‍കുട്ടി മൈനറാണെങ്കിൽ രക്ഷിതാവിന്റെ സമ്മതം ആവശ്യമാണ്. ഭേദഗതിയിലെ സെക്‌ഷൻ 5 വഴി ഗർഭച്ഛിദ്രത്തിന് വിധേയരാകുന്ന സ്ത്രീകളുടെ സ്വകാര്യതയും നിയമം ഉറപ്പു വരുത്തുന്നു. ഇവരുടെ വ്യക്തിപരമായ വിവരങ്ങൾ ഡോക്ടർമാർ വെളിപ്പെടുത്തിയാൽ ഒരു വർഷം വരെ തടവും പിഴയും ലഭിക്കാം.