അഭിനന്ദൻ വർത്തമാൻ അവധിയിൽ; ആരോഗ്യസ്ഥിതി വീണ്ടെടുത്ത് ഉടന്‍ തിരിച്ചെത്തും

ഇന്ത്യൻ വ്യോമസേന പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ അവധിയിൽ പ്രവേശിച്ചു. ജോലി ചെയ്തിരുന്ന അതേ യൂണിറ്റിൽ അഭിനന്ദൻ അവധിക്ക് ശേഷം തിരിച്ചെത്തുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. കൃത്യനിർവഹണത്തെ കുറിച്ചുള്ള വിശദീകരണവും മെഡിക്കൽ പരിശോധനയ്ക്കും ശേഷമാണ് അവധിയിൽ പ്രവേശിച്ചത്.

നാലാഴ്ചത്തെ ചികിത്സാ അവധിയിലാണ് അഭിനന്ദൻ വർത്തമാൻ പ്രവേശിച്ചിരിക്കുന്നതെന്ന് പ്രതിരോധ സേനാംഗങ്ങൾ വ്യക്തമാക്കുന്നു. ഇതിന് മുൻപ് ശ്രീനഗറിലെ മിഗ്-21 സൈനിക വിഭാഗത്തിലായിരുന്നു അഭിനന്ദൻ. അവധി കഴിഞ്ഞ് തിരിച്ചെത്തിയാൽ പോസ്റ്റിംഗ് എവിടെയാണെന്ന് തീരുമാനിക്കും. അതേ യൂണിറ്റിൽ തന്നെ ചേരാനാണ് സാധ്യത. അതേസമയം, നട്ടെല്ലിന് പരിക്കേറ്റ അഭിനന്ദൻ തിരിച്ച് അതേ യൂണിറ്റിൽ പ്രവേശിക്കുന്നതിനെ കുറിച്ച് ആശങ്ക നിലനിൽക്കുന്നുണ്ട്.

ആരോഗ്യസ്ഥിതി വീണ്ടെടുത്ത് തിരിച്ചെത്തിയാൽ അഭിനന്ദൻ അതേ കോക്ക്പിറ്റിൽ തന്നെ പ്രവേശിക്കുമെന്ന് എയർ ചീഫ് മാർഷൽ ബി.എസ്. ധനോന കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. പെട്ടെന്ന് തന്നെ തിരിച്ചെത്തിയാൽ നിലവിലെ അതേ യൂണിറ്റിൽ തന്നെ തിരിച്ച് കയറാം. അപകടം നടന്നുവെന്ന കാരണത്താൽ യൂണിറ്റ് മാറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ കൈമാറിയ അഭിനന്ദനെ നേരെ ഡൽഹിയിലേക്ക് കൊണ്ടു വരികയും അവിടുത്തെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ വെച്ച് വിദഗ്ധ ചികിത്സയും മെഡിക്കൽ പരിശോധനയും കഴിഞ്ഞെത്തിയ അഭിനന്ദനിൽ നിന്നും പാകിസ്ഥാനിൽ നടന്ന കാര്യങ്ങളെപ്പറ്റി ചോദിച്ചറിയുന്നതിനായി സൈന്യം ഡീ ബ്രീഫിംഗ് നടത്തി. പാകിസ്ഥാനിൽ തടവിൽ കഴിഞ്ഞ രണ്ടു ദിവസം താൻ കടുത്ത മാനസിക പീഡനത്തിനിരയായതായി അഭിനന്ദൻ സൂചിപ്പിച്ചിരുന്നു.

AbhinandanVarthaman
Comments (0)
Add Comment