ബാങ്ക് ഉദ്യോഗസ്ഥനില്‍ നിന്നും സംവിധായകനിലേക്ക് ; ഏക കഥാപാത്ര ചിത്രവുമായി അഭിലാഷ് പുരുഷോത്തമന്‍

തിരുവനന്തപുരം : നടി പ്രിയങ്ക നായര്‍ ഏക കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം നവാഗതനായ അഭിലാഷ് പുരുഷോത്തമന്‍ സംവിധാനം ചെയ്യും. ബാങ്ക് ഉദ്യോഗസ്ഥനില്‍ നിന്നും സംവിധായകനായി മാറിയ വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയായ അഭിലാഷ്.  നിത്യ മേനോൻ നായികയായ ‘പ്രാണ’യ്ക്കുശേഷം സ്ത്രീ കഥാപാത്രത്തിന്റെ പിൻബലത്തിൽ പുറത്തിറങ്ങുന്ന ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ചിത്രമാകും അഭിലാഷിന്‍റേത്.

ഈ സ്വഭാവത്തിലുള്ള സിനിമകൾ സാധാരണയായി ഹൊറർ, ത്രില്ലർ അല്ലെങ്കിൽ അതിജീവന സ്വഭാവമുള്ളവയാണ്. എന്നാൽ ഇവിടെ പൂർണമായും വ്യക്തിയുടെ മാനസിക സംഘർഷങ്ങളാണ് ഇതിവൃത്തം. മുഖ്യകഥാപാത്രം ആത്മഭാഷണത്തിലൂടെ തന്റെ മാനസികാവസ്ഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു എന്ന് സംവിധായകൻ അഭിലാഷ് പറയുന്നു. പാൻ-ഇന്ത്യൻ കാഴ്ചക്കാർക്കും ആകർഷകമായ രീതിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളുടെ അനന്തരഫലങ്ങൾ പര്യവേക്ഷണം ചെയ്യുന്ന ചിത്രമാണിതെന്നും അഭിലാഷ് പറഞ്ഞു.

നബീഹാ മൂവീസിന്‍റെ ബാനറിൽ നുഫയിസ് റഹ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഇടം , കെഞ്ചിറ എന്നീ ചിത്രങ്ങളിലൂടെ മികച്ച ഛായാഗ്രഹനായി തെരഞ്ഞെടുത്ത പ്രതാപ് പി നായർ നിർവ്വഹിക്കുന്നു.
ജയരാജ് ചിത്രമായ പകർന്നാട്ടത്തിനു മികച്ച എഡിറ്റിംഗിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച സോബിൻ കെ സോമനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. സംഗീതം ദീപാങ്കുരൻ കൈതപ്രം. ഗാനങ്ങൾ ശ്യാം കെ വാരിയർ.

ഹ്രസ്വചിത്രങ്ങളിൽ പ്രവർത്തിച്ച് ചലച്ചിത്രാനുഭവമുള്ള സംവിധായകനാണ് അഭിലാഷ്. ‘ദി ബെറ്റർ ഹാഫ്’ എന്ന പേരിൽ  തിരക്കഥയെഴുതിയ  ഹ്രസ്വചിത്രത്തിൽ നേരത്തെ പ്രിയങ്ക അഭിനയിച്ചിരുന്നു. ഏക കഥാപാത്രമുള്ള സിനിമ ചെയ്യാൻ പ്രേരണയായത് ഏതാനും വർഷങ്ങൾക്ക് മുമ്പ് ഐഎഫ്‌എഫ്‌ഐയിൽ പ്രദർശിപ്പിച്ച ആർ. പാർഥിബന്റെ ‘ഒത്ത സെരുപ്പ് സൈസ് 7’ എന്ന സിനിമയാണ്. തുടക്കത്തിൽ രണ്ടോ മൂന്നോ കഥാപാത്രങ്ങളായിരുന്നു മനസ്സിൽ. എന്നാൽ എന്തുകൊണ്ട് ഒരു കഥാപാത്രത്തിലും അതിൽ അഭിനയിക്കുന്ന അഭിനേതാവിന്റെ പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൂടാ എന്ന ചിന്തയിൽ നിന്നുമാണ് ഈ സിനിമ ഒരുക്കിയതെന്നും അഭിലാഷ് കൂട്ടിച്ചേർത്തു.

Comments (0)
Add Comment