കൊവിഡ് രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ അക്ഷീണം പ്രയത്നിച്ച അബ്ദുല്‍ റഹീമിന് ഒടുവില്‍ ക്വാറന്‍റൈനില്‍ മരണം

Jaihind News Bureau
Tuesday, August 11, 2020

ദോഹ: കൊവിഡ്​ സ്​ഥിരീകരിച്ച​ ശേഷം ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശി  അബ്​ദുൽ റഹീം മരിച്ചു. കോൺഗ്രസ്​ പ്രവാസി സംഘടനയായ ഇൻകാസിൻെറ തലശേരി മണ്ഡലം പ്രസിഡന്‍റ്​ ആണ്​. ജീവകാരുണ്യപ്രവർത്തനങ്ങളില്‍ സജീവമായിരുന്നു അബ്ദുല്‍ റഹീം. കൊവിഡ്​ സ്​ഥിരീകരിച്ച്​ ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷം ക്വാറന്‍റൈന്‍ കേന്ദ്രത്തിലായിരുന്നു. ശ്വാസതടസം മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൊവിഡ്​ രോഗികൾക്കും മറ്റും സഹായമെത്തിക്കാൻ ഇൻകാസ്​ നടത്തിയ വിവിധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന അബ്ദുല്‍ റഹീമിന്‍റെ വിയോഗം പ്രവാസികള്‍ക്കിടയില്‍ നൊമ്പരമായി. കൊവിഡ് രോഗികള്‍ക്ക് വേണ്ടിയും രോഗ വ്യാപനമുണ്ടാക്കിയ കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നവര്‍ക്കുമായി ഖത്തറിലെ വിവിധ സ്ഥലങ്ങളില്‍ ഓടി നടന്ന് പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു. ദോഹയിലെ നിർമാണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മാസങ്ങൾക്ക്​ മുമ്പാണ് കുടുംബത്തെ നാട്ടിലേക്ക് അയച്ചത്​. മരണത്തിൽ ഇൻകാസ്​ സെൻട്രൽ കമ്മിറ്റി, കണ്ണൂർ ജില്ലാകമ്മിറ്റി, തലശേരി മണ്ഡലം കമ്മിറ്റി എന്നിവ അനുശോചിച്ചു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ദോഹയില്‍ ഖബറടക്കി.

പിതാവ് – മമ്മു ചന്ദ്രന്‍കണ്ടി, മാതാവ് – അയിശ എടത്തില്‍, ഭാര്യ – റെയാസ, മക്കള്‍: അബ്‌നര്‍ റഹീം, അല്‍വിത റഹീം, ആദിബ റഹീം.