ബിജെപിയുടെ ബി ടീമായി ആം ആദ്മി; മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയുടെ ജയം ഉറപ്പാക്കി

Jaihind Webdesk
Thursday, December 8, 2022

അഹമ്മദാബാദ്: ഗുജാറത്തിലെ ത്രികോണ മത്സരത്തിൽ ആം ആദ്മി പാർട്ടിയുടെ സാന്നിധ്യമാണ് ബിജെപിയുടെ തുടർഭരണത്തിന് വഴി ഒരുക്കിയത്. ആം അദ്മി പാർട്ടി നേടിയ വോട്ടുകൾ നഷ്ടപ്പെടുത്തിയത് കോണ്‍ഗ്രസിന്‍റെ വോട്ടുകളാണ്. കോണഗ്രസിന്‍റെ പരാജയം ഉറപ്പാക്കുക, ബിജെപിയെ വിജയിപ്പിക്കുക എന്ന് തന്ത്രമാണ് ഗുജറാത്തിലും ആം ആദ്മി പാർട്ടി നടത്തിയത്.

ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന പതിവ് തന്ത്രം തന്നെയാണ് ഗുജറാത്തിലും ആം ആദ്മി പാർട്ടി നടത്തിയത്. ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ വോട്ട് വിഹിതം 41 ശതമാനത്തില്‍ നിന്ന് 26 ശതമാനമായി കുറഞ്ഞതും ഈ തന്ത്രത്തിന്‍റെ ഭാഗമാണ്. ബിജെപിയുടെ വോട്ട് വിഹിതം 49 ശതമാനത്തില്‍ നിന്ന് 53 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. ഇവിടെയാണ് ആം ആദ്മി പാർട്ടി, ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചത്. 10 മണ്ഡലങ്ങളില്‍ 40 ശതമാനത്തിലധികം വോട്ടുകളാണ് ആപ്പ് നേടിയത്. 10 സീറ്റുകളില്‍ 30 മുതല്‍ 40 ശതമാനം വരെ വോട്ട് നേടി ആം ആദ്മി പാർട്ടി ബിജെപിയുടെ വിജയം ഉറപ്പാക്കി. രാജ്യത്തുടനീളം മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന പതിവ് തന്ത്രമാണ് ആപ്പ് ഗുജറാത്തിലും നടപ്പാക്കിയത്. ഇതാണ് ബിജെപിയെ ഗുജറാത്തില്‍ വീണ്ടും അധികാരത്തിലെത്തിച്ചത്.

തുടർച്ചയായി ബിജെപി അധികാരത്തിലിരിക്കുന്ന ഗുജറാത്തില്‍ ഭരണസംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്തു. തെരഞ്ഞെടുപ്പ് ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ണടച്ചു. വികസന പ്രവർത്തനങ്ങള്‍ക്കപ്പുറം പതിവുപോലെ വർഗീയ കാർഡിറക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മറുവശത്ത് ബിജെപിയേക്കാള്‍ വലിയ വർഗീയ കാർഡാണ് ആം ആദ്മി പാർട്ടി പുറത്തിറക്കിയത്. ഇന്ത്യന്‍ കറന്‍സികളില്‍ ലക്ഷ്മീദേവിയുടെയും ഹനുമാന്‍റെയും ചിത്രങ്ങള്‍ പതിക്കണം, അയോധ്യയിലേക്ക് സൌജന്യ തീർത്ഥാടന യാത്ര തുടങ്ങിയ വാഗ്ദാനങ്ങളാണ് അവർ മുന്നോട്ടുവെച്ചത്. ആം ആദ്മി പാർട്ടിക്ക് ദേശീയ പദവി നേടിയെടുക്കുക, ഇതിനായി ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുക, കോണ്‍ഗ്രസിന്‍റെ പരാജയം ഉറപ്പാക്കുക തുടങ്ങിയവയായിരുന്നു കെജ്‌രിവാളിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം. ഈ തന്ത്രത്തിലൂടെബിജെപിക്ക് ഗുജറാത്തില്‍ ഭരണത്തുടർച്ച ഉറപ്പാക്കുകയായിരുന്നു ആം ആദ്മി പാർട്ടി.