ആധാറും റേഷന്‍ കാര്‍ഡുമടക്കം മടക്കി നല്‍കും ; ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ വീണ്ടും സമരത്തിന് .

Jaihind News Bureau
Sunday, March 9, 2025

വയനാട് ചൂരല്‍ മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ വീണ്ടും സമരത്തിന് . ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 13 ന് കലക്ടറേറ്റ് ഉപരോധം നടത്തും. ദുരന്തബാധിതരോടുള്ള സമീപനത്തില്‍ പ്രതി ആധാറും റേഷന്‍ കാര്‍ഡുമടക്കം സര്‍ക്കാറിന് തിരികെ നല്‍കി പ്രതിഷേധിക്കും. പുനരധിവാസ പട്ടികയില്‍ പേര് വരാത്ത കുടുംബങ്ങള്‍ 12 ന് ചൂരല്‍മലയില്‍ പ്രതിഷേധിക്കും

വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് ദുരന്തബാധിതര്‍ക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഭീഷണി ഉണ്ടാവുന്നതായും പരാതികള്‍ ഉയരുന്നു. ഉടന്‍ പണം തിരിച്ചടച്ചില്ലെങ്കില്‍ കേസ് കൊടുക്കുമെന്ന് ഇടപാടുകാര്‍ ഭീഷണിപ്പെടുത്തുന്നതായാണ് പരാതി. ചൂരല്‍മല സ്വദേശി രമ്യക്കാണ് സ്വകാര്യ ധനകാര്യ സ്ഥാപനം ഭീഷണി സന്ദേശമയച്ചതായും ഇവര്‍ പറയുന്നു. ഏഴു മാസം സമഗ്രപഠനം നടത്തി എന്ന് അവകാശപ്പെടുന്ന ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ഗുണഭോക്തൃ പട്ടികയില്‍നിന്ന് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കേരളശ്രീ അവാര്‍ഡ് ജേതാവുമായ ഷൈജ ബേബി ഉള്‍പ്പെടെയുള്ളവര്‍ പുറത്താണ്. ഈ അപാതകള്‍ പരിഹരിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

3 പട്ടികകളിലായി 393 വീടുകളാണ് ഇതുവരെ ഉള്‍പ്പെടുത്തിയത്. ഒരു തരത്തിലും ജീവിക്കാന്‍ സാധിക്കാത്ത സ്ഥലത്തു വീടുള്ളവര്‍ പോലും പട്ടികയില്‍ ഇല്ല. തകര്‍ന്നുതരിപ്പണമായ മുണ്ടക്കൈയില്‍ നോ ഗോ സോണ്‍ ഏരിയയില്‍ വീടുള്ളവര്‍ അവിടേക്കു തിരിച്ചുപോകണമെന്നാണു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. മുണ്ടക്കൈയിലേക്ക് ആളുകള്‍ക്കു തിരിച്ചുപോകാന്‍ സാധിക്കില്ലെന്ന് അറിയാമായിരുന്നിട്ടും ഈ മേഖലയിലുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല.

750 കോടി രൂപയോളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന മാത്രമായി ലഭിച്ചിട്ടും ഈ തുക പോലും ദുരന്തബാധിതര്‍ക്കു വേണ്ടി ചെലവഴിക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്നാണ് യുഡിഎഫ് ആരോപണം. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പുനരധിവാസ പ്രവര്‍ത്തനം ഇഴഞ്ഞുനീങ്ങുന്നതിനാല്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളം സ്വന്തം നിലയ്ക്കു പുനരധിവാസ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.