ഫെലോഷിപ്പ് വെട്ടിപ്പ്; അന്വേഷണത്തില്‍ എ.എ റഹീമിന്‍റെ ഹാജർബുക്ക് കാണാനില്ല | Video Report

Jaihind Webdesk
Monday, August 26, 2019

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവുമായ എ.എ റഹിം ഫെലോഷിപ്പ് ചെയ്ത കാലയളവിലെ ഹാജർ ബുക്ക് സർവകലാശാലയിൽനിന്ന് കാണാനില്ല. ഫെലോഷിപ്പ് തട്ടിപ്പ് നടത്തിയതിന് തെളിവുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഹാജർ ബുക്കും സർവകലാശാലയിൽനിന്ന് നഷ്ടപ്പെട്ടതായി വിവരാവകാശരേഖ പറയുന്നത്. മൂന്നുലക്ഷത്തി നാല്‍പത്തിനാലായിരത്തി എഴുനൂറ്റിനാല്‍പത്തിനാല് രൂപ (3,44,744) ഫെലോഷിപ്പ് കൈപ്പറ്റി ഗവേഷണം പൂർത്തിയാക്കിയില്ലെന്ന ഗുരുതര വീഴ്ചയും റഹീമിന്‍റെ ഭാഗത്തു നിന്നുണ്ടായി.

2010 മെയ് 4 മുതലാണ് കേരള സർവകലാശാലയില്‍ ഇസ്ലാമിക് സ്റ്റഡീസില്‍ എ.എ റഹിം ഗവേഷണം ആരംഭിച്ചത്. ഫെലോഷിപ്പ് ഇനത്തില്‍ 3,44,744 റഹിം കൈപ്പറ്റുകയും ചെയ്തു. 2015ല്‍ രണ്ട് വർഷം കൂടി ഫെലോഷിപ്പ് കാസാവധി നീട്ടുകയും ചെയ്തിരുന്നു. ഈ കാലയളവില്‍ സിന്‍ഡിക്കേറ്റ് അംഗമായിരിക്കവെ വർക്കല നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. മുഴുവന്‍ സമയ ഗവേഷണ വിദ്യാർത്ഥിയായിരിക്കെ സർവകലാശാലയുടെ അനുമതിയില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്നാണ് ചട്ടം. ഇതിനെ ചോദ്യം ചെയ്ത് പാലച്ചിറ സ്വദേശി ഹസീം മുഹമ്മദ് രജിസ്ട്രാര്‍ക്ക് പരാതി സമർപ്പിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്ട്രാറോട് റഹീമിന്‍റെ ഹാജർ പരിശോധിക്കാന്‍ വൈസ് ചാന്‍സലര്‍ നിർദേശം നല്‍കിയിരുന്നു. ഇതില്‍ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പുകള്‍ പുറത്തുവരുന്നത്. ഹാജർ ബുക്ക് കണ്ടെത്താനായില്ലെന്നാണ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്.

മുഴുവന്‍ സമയം ഗവേഷണ വിദ്യാർത്ഥിയായിരുന്നിട്ടും റഹിം ക്ലാസുകളില്‍ പങ്കെടുക്കാതെ രാഷ്ട്രീയ പ്രവർത്തനത്തില്‍ സജീവമായിരുന്നു. മുഴുവന്‍ സമയ വിദ്യാർത്ഥികള്‍ക്ക് മാത്രമേ ഫെലോഷിപ്പ് തുക കൈമാറാന്‍ പാടുള്ളൂവെന്നാണ് ചട്ടം. തുക കൈപ്പറ്റി ഫെലോഷിപ്പ് പൂര്‍ത്തിയാക്കിയില്ലെന്ന ഗുരുതര വീഴ്ചയും റഹീമിന്‍റെ ഭാഗത്തുനിന്നുണ്ടായി.

https://www.youtube.com/watch?v=XjW_a0CZm6Y