പ്രശസ്ത സിനിമാതാരം ഗിന്നസ് പക്രുവിന്‍റെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തു

Jaihind Webdesk
Saturday, September 3, 2022

കോട്ടയം: പ്രശസ്ത സിനിമാതാരം ഗിന്നസ് പക്രുവിന്‍റെ മെഴുകു പ്രതിമ കോട്ടയം പ്രസ് ക്ലബ്ബിൽ അനാച്ഛാദനം ചെയ്തു. ഹരികുമാർ കുമ്പനാട് നിർമ്മിച്ച മെഴുകു പ്രതിമയാണ് ഗിന്നസ് പക്രു എന്ന അജയകുമാർ അനാച്ഛാദനം ചെയ്തത്. പക്രുവിന്‍റെ അതേ രൂപത്തിലും ഭാവത്തിലും ആണ് പ്രതിമ ശില്പി ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരം ഗിന്നസ് പക്രുവിന്‍റെ മെഴുകുപ്രതിമ അനാച്ചാദന ചടങ്ങാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയത്. ഹരികുമാർ കുമ്പനാടാണ് പ്രതിമയുടെ ശില്പി. അടി മുതൽ മുടി വരെ ഒറിജിനൽ ഗിന്നസ് പക്രു തന്നെ. തന്‍റെ ജൻമനാളിൽ ലഭിച്ച സമ്മാനമായാണ് മെഴുകു പ്രതിമയെ കാണുന്നതെന്ന് അജയ് പറഞ്ഞു. 100 % പെർഫക്ഷനിൽ ആണ് ഹരികുമാർ പ്രതിമ നിർമ്മിച്ചതെന്ന് ഗിന്നസ് പക്രു.

മമ്മൂട്ടി, മോഹൻലാൽ, മൈക്കിൾ, ജാക്സൺ എന്നിവരുടെ പ്രതിമകൾ ഹരികുമാർ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ ഗിന്നസ് പക്രുവിന്‍റെ പ്രതിമ നിർമാണം അല്പം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഹരികുമാർ പറയുന്നു. ഇപ്പോൾ തമിഴ്സിനിമയുടെ ഷൂട്ടിംഗിലാണ് ഗിന്നസ് പക്രു. തന്‍റെ ഫോട്ടോകളും അളവുകളും എടുത്തു ഹരികുമാർ പോയപ്പോൾ ശില്പം അച്ചടിച്ചത് പോലെയാകുമെന്ന് പ്രതീക്ഷിച്ചില്ലയെന്നും പക്രു. കൂടുതൽ അംഗീകാരങ്ങൾക്ക് അർഹനായ കലാകാരനാണ് ഹരികുമാറെന്ന് പക്രു പറയുന്നു. കോട്ടയത്ത് അനാച്ഛാദനം ചെയ്ത പക്രുവിന്‍റെ പ്രതിമ ശില്പി ഹരികുമാറിന്‍റെ മ്യൂസിയത്തിൽ സൂക്ഷിക്കും. ഹരികുമാറിന്‍റെ ഊട്ടിയിലുള്ള മ്യൂസിയത്തിലായിരിക്കും ഗിന്നസ് പക്രുവിന്‍റെ പ്രതിമ ഉണ്ടാവുക. ഈ മ്യൂസിയം അധികം വൈകാതെ തന്നെ ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നും ഹരികുമാർ അറിയിച്ചു.